Sunday, May 5, 2024
spot_img

മനുഷ്യ മനഃസാക്ഷിയെ പോലും നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഒൻപത് വയസ്സ്; നീതിക്കായി രാജ്യം ഒന്നാകെ അണിനിരന്ന നിര്‍ഭയ കേസ് നാൾവഴിയിലൂടെ….

ദില്ലി: മനുഷ്യ മനഃസാക്ഷിയെ പോലും നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗം (Delhi Gang Rape And Murder) നടന്നിട്ട് ഇന്ന് ഒൻപത് വർഷം. കോടതികളായ കോടതികള്‍ കയറിയിറങ്ങി അവസാനം കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ ലഭിച്ചപ്പോള്‍ മകള്‍ക്ക് വേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്‍റെ വിജയം കൂടിയാണ് 2020 മാര്‍ച്ച് 20ന് രചിക്കപ്പെട്ടത്.

നടന്നത് കൊടുംക്രൂര ബലാത്സംഗം

സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടി (Nirbhaya Case) ബസിൽ വെച്ച് നിരവധി തവണ പീഡിപ്പിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തത്. തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനേയും അക്രമികൾ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി സിംഗപ്പൂരിൽ വെച്ച് 2012 ഡിസംബർ 29ന് മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയർലിഫ്റ്റ് ചെയ്താണ് സിംഗപ്പൂരിലെത്തിച്ച് ചികിത്സ നൽകിയിരുന്നത്.

2012 ഡിസംബർ 16ന് രാത്രി ഒമ്പത് മണിക്ക് ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ട് പെൺകുട്ടിയും സുഹൃത്തും സൌത്ത് ദില്ലിയിലെ സാകേതിൽ നിന്ന് രാത്രി ഒമ്പത് മണിക്ക് മുനിർക്ക ബസ് സ്റ്റാൻഡിൽ ഇന്ന് സ്വകാര്യ ബസിൽ കയറി. ബസിൽ കയറിയ പെൺകുട്ടിയും സുഹൃത്തും ബസിന്റെ ഡ്രൈവറുടെ ക്യാബിനിൽ നാല് യുവാക്കളെ കണ്ടിരുന്നു. രണ്ട് പേർ ക്യാബിനിന് പുറകിൽ നിൽക്കുകയായിരുന്നു. ഒരാൾ ഇടതുവശത്തും രണ്ടാമത്തെയാൾ വലതുവശത്തുമാണ് നിന്നിരുന്നത്. ബസിൽ ഇരുവർക്കും അടുത്തുള്ള സീറ്റിൽ ഇരുന്ന പ്രതികളിൽ രണ്ട് പേർ 20 രൂപ നൽകി ടിക്കറ്റ് എടുത്തു. ബസ് എയർപോർട്ടിനടുത്ത ഫ്ലൈ ഓവറിനടുത്ത് എത്തിയതോടെ ക്യാബിനിലുള്ള യുവാക്കളിൽ ഒരാൾ എത്തി പെൺകുട്ടിയുടെ സുഹൃത്തിനെ ഉപദ്രവിക്കാൻ തുടങ്ങി. പെൺകുട്ടിയെയും കൊണ്ട് രാത്രി എവിടെ പോയി എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഇവരിൽ നിന്നുണ്ടായത്. യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്തിനെ ഇടിച്ചതോടെ യുവാവും തിരിച്ചടിച്ചു. ഇതോടെ മറ്റുള്ളവരും ബസിലുണ്ടായിരുന്ന ഇരുമ്പുദണ്ഡും മറ്റും ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ ആക്രമിച്ചു. ഇതോടെ പെൺകുട്ടി സുഹൃത്തിനെ രക്ഷിക്കാൻ മുന്നോട്ടുവന്നു. ഇതോടെ പ്രതികളിൽ രണ്ട് പേർ പെൺകുട്ടിയെ സീറ്റിലേക്ക് തന്നെ തിരിച്ചയച്ചു.

സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ അക്രമികൾ പെൺകുട്ടിക്ക് നേരെ തിരിഞ്ഞ് ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ബസിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെൺകുട്ടിയെ ഇരുമ്പുദണ്ഡുപയോഗിച്ച് ആന്തരികാവയവങ്ങൾ കേടുവരുത്തുകയും ചെയ്തു. പെൺകുട്ടിയുടെയും സുഹൃത്തിന്റെയും കൈവശമുണ്ടായിരുന്ന എല്ലാ വസ്തുുക്കളും പ്രതികൾ കൈക്കലാക്കുകയും ചെയ്തു. ഇതോടെ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ഇരുവരെയും പ്രതികൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. മുമ്പിലത്തെ വാതിൽ തുറക്കാതായതോടെ വാതിലിനടുത്ത് കൊണ്ടുവന്ന ശേഷം ഇരുവരെയും ദേശീയപാത എട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മാഹിപൽപൂർ ഫ്ലൈ ഓവറിന് സമീപത്തായിരുന്നു സംഭവം. റോഡിൽ ഇവരെ കണ്ട ചിലരാണ് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്. ഇരുവരെയും റോഡിൽ കണ്ടവരാണ് പെൺകുട്ടിയെ ബെഡ്ഷീറ്റ് ഉപയോഗിച്ച് പുതപ്പിച്ചത്. തുടർന്ന് ഉടൻ തന്നെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചത്.

നിര്‍ഭയ കേസിന്‍റെ നാള്‍ വഴിയിലൂടെ…

2012 ഡിസംബര്‍ 16: ദില്ലിയില്‍, രാത്രി 12 മണിക്ക് മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് ദ്വാരകയിലേക്കുള്ള ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ നിര്‍ഭയ പെണ്‍കുട്ടി തന്‍റെ സുഹൃത്തിനൊപ്പം ബസിൽ കയറി.

ഒരു സംഘം സുഹൃത്തിനെ മർദ്ദിച്ചവശനാക്കിയ ശേഷം പെൺകുട്ടിയെ ബസിന്‍റെ മുൻഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഡ്രൈവറുൾപ്പെടെ ആറംഗ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ആക്രമണത്തെ ചെറുത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി ആന്തരികാവയവങ്ങൾ പുറത്തുവരത്തക്ക രീതിയിൽ പരിക്കേൽപ്പിച്ചു. പിന്നീട് രണ്ട് പേരെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു. ദില്ലി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം വാൻ എത്തി ഇരുവരെയും സഫ്ദർജങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ മരണ മൊഴി രശ്മി അഹൂജ രേഖപ്പെടുത്തി.

2012 ഡിസംബര്‍ 17: ഡ്രൈവർ രാം സിങ്, മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നീ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡ്രൈവർ രാം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു

2012 ഡിസംബര്‍ 18: ദില്ലിയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.
രാം സിങ്ങിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളായ വിനയ് ശർമ്മ, പവൻ ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി മുകേഷിനെ രാജസ്ഥാനിലെ കരോലിയിൽ നിന്ന് അറസ്റ്റ് ചെയ്തു

2012 ഡിസംബർ 19 – ദില്ലി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സന്ദീപ് ഗാർഗിന്‍റെ ഉത്തരവ് പ്രകാരം വിനയ് ശർമ്മയുടെയും പവൻ ഗുപ്തയുടെയും തിരിച്ചറിയൽ പരേഡ് നടപടികൾ ആരംഭിച്ചെങ്കിലും അവർ നിസ്സഹകരിച്ചു

2012 ഡിസംബര്‍ 20: തിഹാർ ജയിലിൽ വെച്ചു നടത്തിയ തിരിച്ചറിയൽ പരേഡിൽ മുകേഷിനെ നിര്‍ഭയയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.

2012 ഡിസംബര്‍ 21: ജുവനൈൽ ആയ അഞ്ചാം പ്രതിയെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആറാം പ്രതി അക്ഷയ് കുമാർ സിംഗിനെ ബീഹാറിലെ ഔറംഗാബാദിലെ ഒരു ഗ്രാമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ദില്ലിയിലെത്തിച്ചു.സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉഷ ചതുർവേദി ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി

2012 ഡിസംബര്‍ 23: ജനകീയ പ്രതിഷേധം രാജ്യവ്യാപകമായി. ദില്ലിയിലെ ഇന്ത്യാഗേറ്റില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്. പ്രതിഷേധക്കാരുടെ അക്രമത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സുഭാഷ് തോമറിന് ഗുരുതര പരുക്ക്.

2012 ഡിസംബര്‍ 25: പരിക്കേറ്റ പൊലീസ് കോണ്‍സ്റ്റബിള്‍ സുഭാഷ് തോമര്‍ മരിച്ചു. അന്വേഷണ ഉദ്യോഗസ്ഥയുടെ അപേക്ഷപ്രകാരം മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് പവൻ കുമാർ സിആര്‍പിസി സെക്ഷൻ 164 പ്രകാരം നിർഭയയുടെ മൊഴി രേഖപ്പെടുത്തി

2012 ഡിസംബര്‍ 26: പെണ്‍കുട്ടിയുടെ നില വഷളായതിനെ തുടർന്ന് മെഡിക്കൽ സംഘത്തിന്‍റെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു എയർ ലിഫ്റ്റ് ചെയ്തു. തിരിച്ചറിയൽ പരേഡിൽ നിര്‍ഭയയുടെ സുഹൃത്ത് പ്രതി അക്ഷയ് കുമാർ സിങിനെ തിരിച്ചറിഞ്ഞു

2012 ഡിസംബര്‍ 29: പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. എഫ്ഐആറിൽ കൊലപാതക കുറ്റവും ചേർത്തു

2012 ഡിസംബര്‍ 30: പെണ്‍കുട്ടിയുടെ മൃതദേഹം ദ്വാരകയിലെ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.

2013 ജനുവരി 03: പ്രായപൂര്‍ത്തിയായ അഞ്ചു പ്രതികള്‍ക്ക് എതിരായ കുറ്റപത്രം ദില്ലി പൊലീസ് സമര്‍പ്പിച്ചു. കൊലപാതകം, കൂട്ടബലാത്സംഗം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം

2013 ജനുവരി 4 – അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചു

2013 ജനുവരി 17: സാകേത് അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങി.

2013 ജനുവരി 28: പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.

2013 ഫെബ്രുവരി 02: അഞ്ചു പ്രതികള്‍ക്ക് എതിരെ അതിവേഗ കോടതി കുറ്റം ചുമത്തി.

2013 ഫെബ്രുവരി 28: ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് എതിരെ കുറ്റം ചുമത്തി.

2013 മാര്‍ച്ച് 11 : പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.

2013 ജൂലൈ 08 : അതിവേഗ കോടതി പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

2013 ഓഗസ്റ്റ് 22 : കേസിന്‍റെ അന്തിമവാദം അതിവേഗ കോടതിയില്‍ തുടങ്ങി.

2013 ഓഗസ്റ്റ് 31: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 3 വര്‍ഷം തടവ് ശിക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.

2013 സെപ്റ്റംബര്‍ 03: അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിനു മാറ്റി.

2013 സെപ്റ്റംബര്‍ 10 : പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവര്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു.

2013 സെപ്റ്റംബര്‍ 13: പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‍ജ് യോഗേഷ് ഖന്ന, വധശിക്ഷ വിധിച്ചു.

2013 ഒക്ടോബർ 12 – രാം സിങ്ങിനെതിരായ കോടതി നടപടികൾ അവസാനിപ്പിച്ചു

2014 മാർച്ച് 13: വിചാരണകോടതി വിധി ദില്ലി കോടതി ശരിവച്ചു.

2014 മാർച്ച് 15: കുറ്റവാളികളുടെ ഹർജിയിൻമേൽ സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു

2015 ഡിസംമ്പർ 8: ജുവനൈൽ കോടതിയിലെ മൂന്നു വർഷത്തെ ശിക്ഷക്കുശേഷം പുറത്തിറങ്ങുന്ന മൈനറായ പ്രതിയുടെ റിലീസ് റദ്ദാക്കണമെന്നാവശ്യം ദില്ലി ഹൈക്കോടതി തള്ളി.

2015 ഡിസംബർ 20 – ജുവനൈൽ ആയിരുന്ന പ്രതിയെ കറക്ഷൻ ഹോമിൽ നിന്ന് റിലീസ് ചെയ്തു

2016 ഏപ്രിൽ 3: 19 മാസത്തിനുശേഷം സുപ്രീംകോടതിയിൽ വിചാരണ തുടങ്ങി.

2016 ഏപ്രിൽ 8: അമിക്കസ് ക്യൂറിയായി അഭിഭാഷകരായ രാജു രാമചന്ദ്രൻ, സഞ്ജയ് ഹെഗ്ഡെ എന്നിവരെ നിയമിച്ചു.

2016 ഓഗസ്റ്റ് 29: പൊലീസ് തെളിവ് നശിപ്പിച്ചതായി കോടതിയിൽ പരാതി.

2016 സെപ്റ്റംമ്പർ 2: അഡ്വക്കേറ്റ് എം എൽ ശർമ കോടതിയിൽ സബ്മിഷൻ പൂർത്തിയാക്കി.

2016 സെപ്റ്റംമ്പർ 16: ദില്ലി മുൻ ഡെപ്യൂട്ടി കമ്മീഷണർ ചായ ശർമ്മ കോടതിയിൽ ഹാജരായി.

2016 നവംമ്പർ 28: അമിക്കസ് ക്യൂറി സ‌ഞ്ജയ് ഹെഗ്ഡെ, തെളിവുകളുടെ വിശ്വാസ്യത കോടതിയിൽ ചോദ്യം ചെയ്തു.

2017 ഫെബ്രുവരി 3: നടപടിക്രമങ്ങൾ പാലിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന പരാതിയെത്തുടർന്ന് സുപ്രിംകോടതി കേസ് വീണ്ടും കേള്‍ക്കാന്‍ തീരുമാനിച്ചു.

2017 ഫെബ്രുവരി 3: പ്രതികൾ പുതിയ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചു.

2017 മാർച്ച് 27: ഒരു വർഷം വാദം കോട്ടശേഷം സുപ്രിംകോടതി കേസ് വിധി പറയാൻ മാറ്റി.

2017 മെയ് 5: വധശിക്ഷ വിധിച്ച ദില്ലി ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവെച്ചു.

2017 നവംബർ 9 – കുറ്റവാളി മുകേഷ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി

2017 ഡിസംബർ 15 – വിനയ് ശർമ്മയും പവൻ ഗുപ്തയും സുപ്രീം കോടതിയിൽ പുനപരിശോധന ഹർജികൾ നൽകി

2018 ജൂലൈ 9: മൂന്ന് പ്രതികളുടെയും റിവ്യൂ ഹർജികൾ സുപ്രീംകോടതി റദ്ദാക്കി.

2018 ഡിസംമ്പർ 13: പ്രതികളുടെ ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി.

2019 ഒക്ടോബർ 29 – രാഷ്ട്രപതിക്ക് ദയാ ഹർജികൾ സമർപ്പിക്കാൻ ഇനി ഏഴ് ദിവസം മാത്രമെന്ന് തീഹാർ ജയിൽ അധികൃതർ 4 കുറ്റവാളികളെയും അറിയിച്ചു

2019 നവംബർ 8 : കുറ്റവാളി വിനയ് ശർമ്മ മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാ ഹർജി നൽകി

2019 ഡിസംബർ 1 – വിനയ് ശർമ്മയുടെ ദയാഹർജി നിരാകരിക്കണമെന്ന് ദില്ലി സർക്കാർ ശുപാർശ ചെയ്തു

2019 ഡിസംബർ 2 – ലഫ്. ഗവർണർ അനിൽ ബായ്ജാൽ വിനയ് ശർമ്മയുടെ ദയാഹർജി നിരാകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിര്‍ദേശിച്ചു.

2019 ഡിസംബർ 10 – അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി

2019 ഡിസംബർ 13 – അക്ഷയ് സിംഗിന്‍റെ പുനപരിശോധന ഹർജിക്കെതിരെ നിർഭയയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു

2019 ഡിസംമ്പർ 6 : പോക്സോ കേസിലെ പ്രതികൾക്ക് ദയാഹർജി നൽകാനാവില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

2019 ഡിസംമ്പർ 7: ദയാഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് കത്ത് നൽകി.

2019 ഡിസംമ്പർ 10: ദില്ലിയിലെ മോശം വായുവും വെള്ളവും മൂലം ആയുസ്സ് കുറയുമെന്നതിനാൽ എന്തിനാണ് വധശിക്ഷ നൽകുന്നതെന്ന് പ്രതിയായ അക്ഷയ സിംഗ് സുപ്രിംകോടതിയിൽ നൽകിയ റിവ്യുഹർജിയിൽ ചോദിച്ചു.

2019ഡിസംമ്പർ 13 : കേസ് ഡിസംമ്പർ 18ലേക്ക് മാറ്റി.

2019 ഡിസംമ്പർ 17:പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിന്മാറി. കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പിന്മാറ്റം.

2019 ഡിസംബർ 18 : കുറ്റവാളി അക്ഷയ്കുമാർ സിങ് സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രീം കോടതി തള്ളി

2019 ഡിസംബർ 19 – കുറ്റകൃത്യ സമയത്ത് താൻ ജുവനൈൽ ആയിരുന്നെന്ന് പവൻ ഗുപ്ത സമർപ്പിച്ച അപേക്ഷ ദില്ലി ഹൈക്കോടതി തള്ളി

2020 ജനുവരി 07 – ജനുവരി 22 രാവിലെ ഏഴ് മണിക്ക് തിഹാർ ജയിലിൽ 4 കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കാൻ ദില്ലി പ്രത്യേക കോടതി വിധി

2020 ജനുവരി 09 – വധശിക്ഷയ്ക്കെതിരെ വിനയ് ശർമ്മയും മുകേഷ് സിങും സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി

2020 ജനുവരി 10 – വിനയ് ശർമ്മയും മുകേഷ് സിങും നൽകിയ തിരുത്തൽ ഹർജി ജനുവരി 14ന് 5 അംഗ ബെഞ്ച് പരിഗണിക്കാൻ തീരുമാനം

2020 ജനുവരി 14 – വിനയ് ശർമ്മയും മുകേഷ് സിങും നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി

2020 ജനുവരി 14 വൈകിട്ട് – മുകേഷ് രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചു

2020 ജനുവരി 15 – ദയാ ഹർജി തീർപ്പാക്കിയാൽ പോലും 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാവൂ എന്ന് മുകേഷ് സിങിന്‍റെ അഭിഭാഷകൻ. പ്രതികൾ പല തവണയായി ഹർജികൾ സമർപ്പിക്കുന്നത് നിയമ നടപടിക്രമത്തെ പരാജയപ്പെടുത്താനെന്ന് അഡീഷണൽ സോളിസിറ്റർ ജനറലും വാദിച്ചു

2020 ജനുവരി 16 – മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചതിനാൽ നിർഭയ കേസിലെ കുറ്റവാളികളുടെ മരണ വാറണ്ട് ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു

2020 ജനുവരി 17 – മുകേഷ് സിംഗിന്‍റെ ദയാ ഹർജി രാഷ്ട്രപതി തള്ളി ( മുകേഷ് സിംഗിന്‍റെ ദയാ ഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാർശ ചെയ്തതിന് 2 മണിക്കൂറിന് ശേഷം തീരുമാനം, മുകേഷ് സിംഗിന്‍റെ ദയാ ഹർജി തള്ളണമെന്ന് ദില്ലി സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു ) തുടർന്ന് ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പവൻകുമാർ സുപ്രീം കോടതിയെ സമീപിച്ചു. അതോടെ ഡിസംബര്‍ 22-ലെ മരണ വാറണ്ട് റദ്ദായി.

2020 ജനുവരി 17 – പുതിയ മരണ വാറണ്ട് പ്രകാരം വധശിക്ഷ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നടപ്പാക്കും. സെഷൻസ് ജഡ്ജി സതീഷ് അറോറയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.

2020 ജനുവരി 20 – പവന്‍കുമാറിന്‍റെ ഹര്‍ജി സുപ്രീംകോടതി തളളി. 2012ൽ കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ച് നൽകിയ ഹർജി ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൻ, എ എസ് ബൊപ്പെണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി

2020 ജനുവരി 23 – അന്ത്യാഭിലാഷം ചോദിച്ചപ്പോൾ 4 പ്രതികളും മൗനം പാലിച്ചെന്ന് ജയിൽ വൃത്തങ്ങൾ

2020 ജനുവരി 25 – ദയാ ഹർജി തള്ളിയതിനെതിരെ മുകേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചു
പ്രതി വിനയ് ശർമ്മയെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമം നടന്നതായി അഭിഭാഷകൻ ദില്ലി പട്യാലഹൗസ് കോടതിയിൽ വാദത്തിനിടയിൽ പറഞ്ഞു

2020 ജനുവരി 28 – കുറ്റവാളി അക്ഷയ് കുമാർ തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു

2020 ജനുവരി 29 -ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരെ പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജയിലിൽ അതിക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നെന്നും പ്രതികളിലൊരാളായ രാംസിങ്ങിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു

2020 ജനുവരി 30

നിർഭയ കേസിൽ കുറ്റവാളി അക്ഷയ് കുമാർ സിംഗിന്‍റെ തിരുത്തൽ ഹർജി തള്ളി

2020 ജനുവരി 31 – ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് ദില്ലി പട്യാല ഹൗസ് വിചാരണ കോടതി സ്റ്റേ ചെയ്തു ( വിനയ് ശർമ്മയുടെ ദയാ ഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരുന്നതിനാൽ )

2020 ഫെബ്രുവരി 1 – വിനയ് ശർമ്മയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി

അക്ഷയ് താക്കൂർ രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചു

മരണ വാറണ്ട് സ്റ്റേ ചെയ്ത പട്യാല കോടതി വിധിക്കെതിരെ തീഹാർ ജയിൽ അധികൃതർ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകി

2020 ഫെബ്രുവരി 02 – മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ വിധി പറയുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 5, ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി വെച്ചു

2020 ഫെബ്രുവരി 05 – 4 പ്രതികളുടെയും വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നും വിചാരണ കോടതിയുടെ വിധി റദ്ദാക്കാനാകില്ലെന്നും ദില്ലി ഹൈക്കോടതി വിധി. എല്ലാ നിയമനടപടികളും പൂർത്തിയാക്കാൻ 7 ദിവസം കൂടി പ്രതികൾക്ക് നൽകുന്നു എന്നും വിധിയിൽ. തുടർന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും ദില്ലി സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എന്നാൽ അക്ഷയ്കുമാർ സിങ്ങിന്‍റെ ദയാ ഹർജി രാഷ്ട്രപതി തള്ളി

2020 ഫെബ്രുവരി 07 – എല്ലാ കുറ്റവാളികൾക്കും നോട്ടീസ് അയക്കാൻ സുപ്രീം കോടതി നിർദേശം. കേസ് ഫെബ്രുവരി 11ന് പരിഗണിക്കും.

പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിൽ അധികൃതരുടെ ആവശ്യം പട്യാല ഹൗസ് കോടതി തള്ളി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മരണവാറണ്ട് പുറപ്പെടുവിക്കാനാകില്ലെന്നും പ്രതികൾക്ക് ദില്ലി ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷണം, കേസ് ഫെബ്രുവരി 12ന്

2020 ഫെബ്രുവരി 11 – പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ വിചാരണ കോടതിയെ സമീപിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുവാദം നൽകി

2020 ഫെബ്രുവരി 12 – പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിൽ അധികൃതരുടെ ഹർജി പരിഗണിച്ച് പട്യാല ഹൗസ് കോടതി കുറ്റവാളി പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ച്, കേസ് പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. ( പവൻ ഗുപ്തയുടെ അഭിഭാഷകൻ പിൻമാറിയിരുന്നു ). പിന്നാലെ നിർഭയയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞു.

2020 ഫെബ്രുവരി 13 – വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഹർജികൾക്ക് മറുപടി നൽകാൻ സുപ്രീം കോടതി കുറ്റവാളികൾക്ക് ഫെബ്രുവരി 14 ഉച്ചയ്ക്ക് 2 മണിവരെ സമയം അനുവദിച്ചു.

ദയാ ഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കുറ്റവാളി വിനയ് ശർമ്മ സമർപ്പിച്ച ഹർജി ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ 3 അംഗ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു

പവൻ ഗുപ്തയ്ക്ക് അമികസ് ക്യൂറിയായി മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശിനെ സുപ്രീം കോടതി നിയമിച്ചു

2020 ഫെബ്രുവരി 14 – ദയാ ഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കുറ്റവാളി വിനയ് ശർമ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഹർജികളിൽ സുപ്രീം കോടതിയിൽ വാദം കേട്ടു കൊണ്ടിരിക്കെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞു വീണു. തുടർന്ന് ജസ്റ്റിസ് അശോക് ഭൂഷൻ കേസ് ഫെബ്രുവരി 20-ലേക്ക് മാറ്റിവെച്ചതായി അറിയിച്ചു.

2020 ഫെബ്രുവരി 17 – വധശിക്ഷ മാര്‍ച്ച് 3-ന് രാവിലെ 6 മണിക്ക് നടപ്പാക്കണമെന്ന് ദില്ലി പട്യാല ഹൗസ് കോടതിയുടെ പുതിയ മരണവാറന്‍റ്. ( മൂന്നാമത്തെ മരണ വാറണ്ട് )

2020 ഫെബ്രുവരി 20 – കുറ്റവാളി വിനയ് ശർമ്മ വിദഗ്ധ വൈദ്യസഹായം തേടി ദില്ലിയിലെ വിചാരണ കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച കോടതി തീഹാർ ജയിൽ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി

( ഫെബ്രുവരി 16ന് വൈകിട്ട് വിനയ് ശർമ്മ സ്വയം തല ചുവരിലിടിപ്പിച്ച് പരിക്കേൽപ്പിച്ചു. ഇതിനു പിന്നാലെയാണ് വിനയ് ശർമ്മയുടെ അഭിഭാഷകൻ എപി സിങ് കോടതിയെ സമീപിച്ചത്. ഇയാൾക്ക് സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും, സ്കീസോഫ്രീനിയ എന്ന രോഗം ബാധിച്ചിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിൽസ നൽകണമെന്നും അപേക്ഷ )

timeline of nirbhaya case

2020 ഫെബ്രുവരി 22 – വിനയ് ശർമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തീഹാർ ജയിലധികൃതർ പട്യാല കോടതിയിൽ സമർപ്പിച്ചു

( വിനയ് ശർമ്മയുടെ തലയിലെ പരിക്ക് ജയിൽ ഭിത്തിയിൽ സ്വയം ഇടിച്ചതിനെ തുടർന്നുണ്ടായതെന്നും മാനസിക രോഗമുണ്ടെന്ന് മുൻകാല കണ്ടെത്തലുകളില്ലെന്നും പ്രോസിക്യൂട്ടർ. ജയിലിലെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു )

2020 ഫെബ്രുവരി 28 – പവൻ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു, വാദം മാർച്ച് 2ന്

2020 ഫെബ്രുവരി 29 – അക്ഷയ് താക്കൂറും പവൻ കുമാർ ഗുപ്തയും മാർച്ച് 3ലെ മരണ വാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് ദില്ലി വിചാരണ കോടതിയിൽ ഹർജി നൽകി. തീഹാർ ജയിൽ അധികൃതർ മാർച്ച് 2ന് പ്രതികരണം ഫയൽ ചെയ്യാൻ അഡീഷണൽ സെഷൻസ് ജഡ്ജ് ധർമ്മേന്ദർ റാണ നിർദേശം നൽകി

2020 മാർച്ച് 02 – പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചു.

ദില്ലി പട്യാല ഹൗസ് വിചാരണ കോടതി മൂന്നാമത്തെ മരണ വാറണ്ടും സ്റ്റേ ചെയ്തു

2020 മാർച്ച് 04 – പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി

2020 മാർച്ച് 05 – പുതിയ മരണ വാറണ്ട് ദില്ലി പ്രത്യേക വിചാരണ കോടതി പുറപ്പെടുവിച്ചു. വധശിക്ഷ മാർച്ച് 20ന് പുലർച്ചെ 5.30ന്

2020 മാർച്ച് 06 – മുകേഷ് സിങ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തിരുത്തൽ ഹർജിയും ദയാ ഹർജിയും സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യം

2020 മാർച്ച് 16 – കുറ്റവാളി മുകേഷ് സിങിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളുടെ അഭിഭാഷകൻ അന്താരാഷ്ട്ര കോടതിക്ക് കത്തയച്ചു.

2020 മാര്‍ച്ച് 19 – : നിര്‍ഭയ കേസില്‍ കുറ്റവാളികളെ മാര്‍ച്ച് 20ന് തന്നെ തൂക്കിലേറ്റാന്‍ വിധി. മരണവാറന്‍റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി കോടതി വ്യക്തമാക്കിയതോടെയാണിത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾ ദില്ലി പട്യാല ഹൗസ് കോടതി തള്ളി.

മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

2020 മാര്‍ച്ച് 20 അര്‍ദ്ധരാത്രി – മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹര്‍ജി തള്ളി.

2020 മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 – നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

Related Articles

Latest Articles