പട്ന: രണ്ട് പതിറ്റാണ്ടിലേറെ ബിഹാർ രാഷ്ട്രീയത്തെ നയിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം നിയമസഭ കൗൺസിൽ അംഗത്വവും അദ്ദേഹം ഇന്ന് ഒഴിഞ്ഞേക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ് നാല് മാസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത പടിയിറക്കം.
രാജ്യസഭാംഗമായി മാറിയതോടെ സംസ്ഥാന ഭരണത്തിന്റെ അമരത്തുനിന്ന് നിതീഷ് മാറുമെന്ന് ജെ.ഡി.യു നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നും സൂചനകളുണ്ട്. ബിഹാറിൽ ഇതാദ്യമായി എൻ.ഡി.എ സഖ്യം അധികാരം പിടിച്ചെടുത്തത് നിതീഷിനെ മുൻനിർത്തിയായിരുന്നു.നിതീഷ് കുമാർ ഒഴിഞ്ഞതോടെ ബിഹാറിന്റെ അടുത്ത ഭരണാധികാരി ആരാകുമെന്ന ചർച്ചകൾ സജീവമാണ്. ബി.ജെ.പി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി നിതീഷിന്റെ പിൻഗാമിയായേക്കുമെന്നാണ് നിലവിലെ സൂചനകൾ.
നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജെ.ഡി.യുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകിക്കൊണ്ട് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. നിഷാന്ത് കുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന വാദം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ടെങ്കിലും എൻ.ഡി.എ സഖ്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

