Thursday, April 25, 2024
spot_img

മലയാള സിനിമയുടെ റൊമാന്റിക് ഹീറോയുടെ വേറിട്ട പ്രകടനം; ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചാക്കോച്ചന്റെ കരിയറിലെ ബിഗ്ബജറ്റ് ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ നാളെ തിയേറ്ററിൽ

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികളുടെ മനസിലേക്ക് റൊമാന്റിക് ഹീറോ ആയി രംഗപ്രവേശനം ചെയ്ത നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബന്‍. അന്ന് മുതൽ ഇന്നുവരെയും താൻ ഏറ്റെടുക്കുന്ന ഓരോ കഥാപാത്രത്തെയും ഏറ്റവും മികവുറ്റതാക്കാൻ ഏതറ്റംവരെയും പോകുന്ന പ്രതിഭ.

മലയാള സിനിമയുടെ ശൈലി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സിനിമാ ജീവിതമാണ് ചാക്കോച്ചന്റേത്. ഏറ്റവുമൊടുവില്‍ ഉത്സവപ്പറമ്പിലെ നൃത്തത്തിലൂടെ വീണ്ടും സിനിമ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ ആണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം. നാളെയാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. താരത്തിന്റെ 25 വര്‍ഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ. നമ്മുടെ നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. അരുൺ സി തമ്പിയാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ‘മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. വളരെ രസകരമായ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. വേറിട്ട കുഞ്ചാക്കോ ബോബനെയും കാണാം.

 

Related Articles

Latest Articles