Thursday, May 2, 2024
spot_img

അട്ടപ്പാടിയിൽ ഗർഭിണിക്ക് ദുരിതയാത്ര; തുണിമഞ്ചത്തിൽ ആശുപത്രിയിലേക്ക് ചുമന്നത് മൂന്നര കിലോമീറ്റർ; ആശുപത്രിയിൽ എത്തിയ ഉടൻ കുഞ്ഞിന് ജന്മം നൽകി; ലജ്ജിച്ച് തലതാഴ്ത്തി നമ്പർ വൺ കേരളം!

പാലക്കാട്: അട്ടപ്പാടിയിലെ അസൗകര്യങ്ങളുടെ വികൃത മുഖം വെളിപ്പെടുത്തി മറ്റൊരു ഉദാഹരണം കൂടി. അട്ടപ്പാടി വനവാസി ഊരുകളിൽ നിന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് തുണിമഞ്ചത്തിൽ ചുമന്ന്. മൂന്നര കിലോമീറ്റർ ദൂരമാണ് ഇത്തരത്തിൽ യുവതിയെ തുണിമഞ്ചത്തിൽ ചുമന്നത്. അട്ടപ്പാടിയിലെ സുമതി മുരുകൻ എന്ന യുവതിക്കാണ് ദുരവസ്ഥ. ഗർഭിണിയായ സുമതിക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും ആരോഗ്യ സ്ഥിതി വഷളാകുകയും ചെയ്തതിനെ തുടർന്നാണ് റോഡില്ലാത്ത വനവാസി ഊരുകളിൽ നിന്ന് ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം ചുമന്ന് എത്തിക്കേണ്ടി വന്നത്. ആശുപത്രിയിൽ എത്തിയ ഉടൻ സുമതി കുഞ്ഞിന് ജൻമം നൽകി.

അട്ടപ്പാടി വനവാസി ഊരുകളിലെ അസൗകര്യങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ശിശു മരണങ്ങളടക്കം ഈ അസൗകര്യങ്ങൾ കാരണം ഉണ്ടായിട്ടുണ്ട്. റോഡോ വൈദ്യുതിയോ എത്തിയിട്ടില്ലാതെ ഇത്തരം വനവാസി ഊരുകളെ മാറിമാറി വരുന്ന സർക്കാരുകൾ അവഗണിക്കുകയാണ്. വനവാസികളെ വോട്ടു ചെയ്യിക്കാനുള്ള ഉപകരണം മാത്രമായി കാണുകയാണ് ഭരണകൂടം. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സമ്പൂർണ്ണ വൈദ്യുതീകരണവും ഇവർക്കായി ഒരുക്കാൻ ഒരു തടസവുമില്ലെന്നിരിക്കെ ഗർഭിണിയെ തുണിമഞ്ചത്തിൽ ചുമന്നത് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ജനപ്രതിനിധികൾക്ക് മുന്നിലെ വലിയ ചോദ്യചിഹ്നമാണ്. രണ്ട് ജീവനുകൾ പണയം വച്ചാണ് ഇന്നത്തെ ഇത്തരമൊരു സംഭവം അരങ്ങേറിയതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പറയുന്നു. ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ വിമുഖത കാട്ടുന്നു എന്ന് മാത്രമല്ല ഈ രംഗത്ത് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എച് ആർ ഡി എസ് പോലുള്ള സർക്കാരിതര സംഘടനകളുടെ പ്രവർത്തനത്തിന് തടയിടുകയും ചെയ്യുന്നതായി ആരോപണമുണ്ട്.

Related Articles

Latest Articles