Thursday, May 2, 2024
spot_img

മഴ ശമിക്കുന്നു; പത്തനംതിട്ടയിലെ നദികളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ട, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട: ജില്ലയിലെ നദികളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് വാണിംഗ് ലെവലിന് താഴെയാണ്. അതുകൊണ്ടുതന്നെ പേടിക്കേണ്ട സാഹചര്യം നിലവില്ലെങ്കിലും ജാഗ്രത കൈവെടിയരുത്.

ഡാമുകള്‍ തുറക്കുന്നത് കാരണമാണ് പ്രളയമുണ്ടാകുന്നതെന്ന ധാരണയ്ക്ക് മാറ്റം വരുത്താന്‍ സാധിച്ചെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ പറഞ്ഞു. കക്കി-ആനത്തോട് റിസര്‍വോയര്‍, പമ്പ ഡാം എന്നിവിടങ്ങളിലെ ജലം നദികളിലേക്ക് ഒഴുക്കി വിടുന്നതുമൂലം ജലനിരപ്പ് ക്രമാനുസൃതമായി വര്‍ദ്ധിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്ത രീതിയില്‍ ഡാമിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുണ്ട്.

ഡാം തുറന്നതിലൂടെ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡാം മാനേജ്മെന്റിന്റെ കാര്യത്തില്‍ മികച്ച ഏകോപനമാണ് ജില്ലയിലുണ്ടായിരുന്നതെന്നും യോഗം വിലയിരുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതുപ്രകാരം ഈ മാസം 13ന് ശേഷം ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണം.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles