Thursday, May 2, 2024
spot_img

വില്ലനായി ഒമിക്രോൺ; സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹോളണ്ട്; രാത്രി കര്‍ഫ്യു പുനരാരംഭിച്ച്‌ അയര്‍ലന്‍ഡ്; ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്

ആംസ്റ്റർഡാം: ഒമിക്രോൺ (Omicron Spread In World) ലോകരാജ്യങ്ങളെ പിടിമുറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പല രാഷ്ട്രങ്ങളും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോളണ്ട്. യൂറോപ്യന്‍ യൂണിയനിലേക്ക് എത്തുന്നവര്‍ എല്ലാവരും തന്നെ പി സി ആര്‍ പരിശോധനക്ക് വിധേയരാകണം എന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ലോക്ക്ഡൗണും ഏർപ്പെടുത്തിയത്.

അതേസമയം ആരോഗ്യകാര്യ മന്ത്രി ഹ്യുഗോ ഡി ജോംഗേ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയുട്ട് തലവന്‍ ജാപ് വാന്‍ ഡിസ്സല്‍ എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 28 ന് രാജ്യത്ത് ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 13 പേരില്‍ ഒത്തുചേരുന്നത് നിരോധിച്ച ഈ ഭാഗിക ലോക്ക്ഡൗണില്‍ ബാറുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ ഹോളുകള്‍ തുടങ്ങിയവ വൈകിട്ട് 5 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശവും ഉണ്ടായിരുന്നു.

എന്നാൽ ഇതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു രാജ്യത്താകമാനം നടന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധം പോലീസ് വെടിവയ്പിന് വരെ കാരണമായി. ഈ നിയന്ത്രണങ്ങളുടെ ഫലമായി കോവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കുവാനും ഹോളണ്ടിനായിരുന്നു. എന്നാല്‍, പിന്നെയും രോഗവ്യാപനം നിയന്ത്രണാതീതമാകുന്നു എന്ന് കണ്ടതോടെയാണ് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ചുള്ള സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. അതോടൊപ്പം സ്‌കൂളുകള്‍, ജിമ്നേഷ്യം, കഫേകള്‍, മ്യുസിയം എന്നിവയും അടച്ചുപൂട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ജര്‍മ്മനിയില്‍ എത്തുന്നവര്‍ക്ക് രണ്ടാഴ്‌ച്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏർപ്പെടുത്തിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാണെങ്കിലും ക്വാറന്റൈന് വിധേയരാകണം. ഒമിക്രോണ്‍ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണിതെന്നും, ജര്‍മ്മനി തയ്യാറാക്കിയ ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും ഉള്‍പ്പെടുന്നു എന്നും ജര്‍മ്മന്‍ വക്താവ് അറിയിച്ചു. അതോടൊപ്പം ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരെ അതിര്‍ത്തികള്‍ കൊട്ടിയടക്കുകയാണ് ഫ്രാന്‍സും. ഫ്രഞ്ച് പൗരന്മാര്‍, പെര്‍മെനന്റ് റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവര്‍ , അവരുടെ പങ്കാളികള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്ക് പ്രവേശിക്കാനാവുക. നിരോധനം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പേ ഫ്രാന്‍സിലേക്ക് കടക്കാന്‍ പുറപ്പെട്ടവരുടെ തിരക്കില്‍ റോഡുകള്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്കില്‍പ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related Articles

Latest Articles