Sunday, May 5, 2024
spot_img

ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നദ‌ൃശ്യങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ; പിടികൂടിയവരിൽ കൂടുതലും ഐ ടി ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ ഇതുവരെ 41 പേര്‍ അറസ്റ്റിലായി. ഇവരില്‍ ഡോക്ടറും ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു. ഇന്‍റര്‍ പോളുമായി ചേര്‍ന്നാണ് കേരള പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് നടത്തിയത്. സംസ്ഥാന വ്യാപകമായി 464 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതില്‍ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇന്നലെ ഒരേസമയമാണ് 465 ഇടങ്ങളിലായി പരിശോധന നടന്നത്. 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഈ വർഷത്തെ മൂന്നാം പതിപ്പാണ് ഇന്നലെ നടന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ മാത്രമല്ല, അത് കാണുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. അത്തരക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ റെയ്ഡുകളില്‍ ആകെ 525 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇത്രയും കാലയളവിനുള്ളില്‍ 428 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ കൂടുതലും ഐടി രംഗത്ത് ജോലി ചെയ്യുന്നവരും പ്രൊഫഷണലുകളുമാണെന്ന് പൊലീസ് പറയുന്നു. സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. ഓൺലൈനിൽ നിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ചെയ്തതിന് പിടിയിലായവർ പുറത്തിറങ്ങിയതിന് ശേഷം അവ വീണ്ടും ആവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനാൽ ഇത്തരക്കാരിൽ ചിലർക്ക് മനോവൈകല്യങ്ങൾ ഉണ്ടായേക്കാമെന്നും അവർക്ക് മാനസിക ചികിത്സ നൽകേണ്ടതുണ്ടെന്നും കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലൊറേഷൻ ടീം വിലയിരുത്തുന്നു.

ഒരിക്കൽ പിടിക്കപ്പെട്ടവർ പുറത്തിറങ്ങിയാൽ കൂടുതൽ പിടിക്കപ്പെടാതിരിക്കാൻ കൂടുതൽ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാനുള്ള സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തരക്കാർ ഉപയോഗിക്കുന്നു. ഓരോ രണ്ട് മാസങ്ങൾ കൂടുംതോറും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നു എന്നാണ് പോലീസിന്റെ നിരീക്ഷണം.

കുറേയാളുകൾ പിടിക്കപ്പെടുമ്പോഴേക്കും അപ്രത്യക്ഷമാകുന്ന വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾക്ക് പകരം പുതിയവ പ്രത്യക്ഷപ്പെടുന്നു. പോലീസ് പിടിക്കപ്പെടുമെന്നുള്ളതിനാൽ ഇത്തരക്കാർ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോകൾ കാണുകയും അവ ഡിലീറ്റ് ചെയ്യുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഫോണുകളിലും കംപ്യൂട്ടറുകളിലും മറ്റും ഇത്തരം വീഡിയോ കണ്ടതിന്റെയോ ഡൗൺലോഡ് ചെയ്തതിന്റെയോ തെളിവുകൾ ഉണ്ടാകില്ല. ഇതിന് പുറമെ ഓരോ മൂന്ന് ദിവസങ്ങൾ കൂടുമ്പോഴും ഫോണുകൾ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിക്കും. ഇത്തരം വലിയ തയ്യാറെടുപ്പുകളും പ്രതിരോധവും നടത്തുന്നതിനാൽ ഇന്റർനെറ്റിലെ കുറ്റവാളികളെ കണ്ടെത്തുന്നത് ശ്രമകരമാണ്.

Related Articles

Latest Articles