Thursday, May 23, 2024
spot_img

ഹിന്ദു ദേവീ ദേവന്മാരെ ആക്ഷേപിച്ച് ചിത്രങ്ങൾ, വിവാദം കത്തിപ്പടരുന്നു

വഡോദരയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികളെ സംബന്ധിച്ച് വിവാദം കത്തുന്നു എന്ന വാർത്തയാണ്.. ചില വിദ്യാർത്ഥികൾ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആക്ഷേപകരമായ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഛായാചിത്രങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എ.ബി.വി.പിയും ആർ.എസ്.എസും രംഗത്തെത്തി. ബലാത്സംഗ പത്രവാർത്താ കട്ടിംഗ്‌സ് ഉപയോഗിച്ചാണ് ദേവീദേവന്മാരുടെ ഛായാചിത്രം ഉണ്ടാക്കിയിരിക്കുന്നത്.

ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, ഇവ അരോചകവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ശക്തമായ പ്രതിഷേധവുമായെത്തിയ ആർഎസ്എസും എബിവിപിയും ചൂണ്ടിക്കാട്ടുന്നത്. ഫൈൻ ആർട്‌സ് ഫാക്കൽറ്റിയുടെ വാർഷിക ചിത്ര പ്രദർശനത്തിനായി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ വരച്ച കലാസൃഷ്ടികൾക്കിടയിലാണ് ഇത്തരം കോപ്രായങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

ചില വിദ്യാർത്ഥികൾ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ഛായാചിത്രങ്ങൾ ആണ് നിർമ്മിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെയും ബലാത്സംഗങ്ങളുടെയും പത്രവാർത്തകൾ കൊണ്ടാണ് ദേവീദേവന്മാരുടെ കട്ടൗട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അശോകസ്തംഭമുള്ള ഫോട്ടോ കൊളാഷും വിവാദത്തിലായിട്ടുണ്ട്. ഇത് സ്ഥാപിച്ചിരിക്കുന്നതു തന്നെ വളരെയധികം അശ്ലീലമായ രീതിയിലുമാണ്.

കട്ടൗട്ടുകൾ വിവാദമായതോടെ, പ്രതിഷേധ പ്രകടനവുമായി എ.ബി.വി.പി പ്രവർത്തകർ രംഗത്തെത്തി. ഉത്തരവാദപ്പെട്ടവർ തൽസ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇത്തരം പേക്കൂത്തുകൾ കലാസൃഷ്ടിയെന്ന പേരിൽ പ്രദർശിപ്പിച്ച വിദ്യാർത്ഥികളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബലാത്സംഗ വാർത്തകളുടെ ക്ലിപ്പിംഗുകൾ ഉപയോഗിച്ച് ഹിന്ദു ദേവീ-ദേവന്മാരെ പ്രതിഷ്ഠിക്കുന്നത് ലജ്ജാകരമാണെന്നും വൈസ് ചാൻസലർക്ക് അയച്ച കത്തിൽ എ.ബി.വി.പി പറഞ്ഞു. കൂടാതെ ഹിന്ദു ദേവീ-ദേവന്മാരുടെ ചിത്രങ്ങൾക്ക് പിന്നിൽ ബലാത്സംഗങ്ങളുടെ വാർത്താ ക്ലിപ്പിംഗുകൾ ചേർക്കുന്നത് അപലപനീയമാണെന്നും എബിവിപി ചൂണ്ടിക്കാട്ടി.

നേരത്തെയും ഫൈൻ ആർട്സ് ഫാക്കൽറ്റി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള നിന്ദ്യമായ സൃഷ്ടികൾ നടത്തിയിരുന്നുവെന്നും എബിവിപി പറയുന്നു.

മറ്റൊരു വാർത്തയിലേക്ക് പോവുകയാണെങ്കിൽ
ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിനെ നാണംകെടുത്തി വിട്ട് കോടതി എന്ന വാർത്തയാണ്. ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. നിയമലംഘനമുണ്ടായാൽ കോടതി ഇടപെടും, പക്ഷെ അത് ഇത്തരം രാഷ്‌ട്രീയ പാർട്ടികളുടെ മുൻധാരണയ്‌ക്ക് അനുസരിച്ചായിരിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സിപിഎമ്മിന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.

എന്തിനാണ് സിപിഎം ഇക്കാര്യത്തിൽ ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു. നടപടി ബാധിക്കുന്നവർ ഹർജിയുമായി വന്നാൽ മനസിലാക്കാം. ആർക്ക് വേണമെങ്കിലും വന്ന് എന്റെ വീട് പൊളിച്ചു ഇടപെടണമെന്ന് പറയാനുളള ലൈസൻസ് നൽകിയിട്ടില്ലെന്നും കോടതി കടുത്ത ഭാഷയിൽ പറഞ്ഞു. അനധികൃത നിർമാണമാണെങ്കിൽ കോടതി ഉത്തരവിന്റെ കീഴിൽ അഭയം പ്രാപിക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഷഹീൻ ബാഗിലെ അനധികൃത നിർമാണങ്ങൾ പൊളിക്കാൻ എത്തിയതിനെതിരെ ആയിരുന്നു സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. ശക്തമായ ഭാഷയിൽ വിമർശിച്ച കോടതി ഹർജി തളളണോ അതോ നിങ്ങൾ പിൻവലിക്കുന്നോയെന്നും ചോദിച്ചു. നിങ്ങൾ രാവിലെ മുതൽ ഇവിടെ സമയം കളയുകയാണ്. നടപടി നിയമവിരുദ്ധമാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം ഉണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ബുൾഡോസറിന് മുന്നിൽ നിന്ന് ഷോ കാണിക്കുന്ന ബൃന്ദാ കാരാട്ടിന്റെ ചിത്രങ്ങൾ സിപിഎം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ രീതിയിൽ ഷഹീൻബാഗ് ഒഴിപ്പിക്കലിലും കോടതിയെ സമീപിക്കാൻ സിപിഎം ഡൽഹി ഘടകം തീരുമാനിച്ചത്. ഇതിനും വ്യാപക പ്രചാരണം നൽകിയിരുന്നു. പക്ഷെ അനധികൃത കയ്യേറ്റക്കാർക്കു വേണ്ടി ശബ്ദിക്കാൻ പോയ സിപിഎമ്മിന്റെ കരണത്തുതന്നെയാണ് സുപ്രീംകോടതി അടിച്ചിരിക്കുന്നത്.

2020 ൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സ്ഥലമാണ് ഷഹീൻ ബാഗ്. ഇതിന്റെ തുടർച്ചയായി ഇന്നും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ബുൾഡോസറുകൾക്ക് മുൻപിൽ പ്രദേശവാസികൾ പ്രതിഷേധം തീർക്കുകയായിരുന്നു. നടപടിയിൽ നിന്ന് പിൻമാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്ന് വ്യാപാരികളും എഎപി എംഎൽഎ അമനത്തുളള ഖാനും ഉറപ്പ് നൽകുകയായിരുന്നു.

മറ്റൊരു വാർത്തയിലേക്ക് പോവുകയാണെങ്കിൽ മഹിന്ദ രാജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു എന്ന വാർത്തയാണ്. മഹിന്ദ രജപക്‌സെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കത്ത് രാഷ്‌ട്രപതിയ്‌ക്ക് സമർപ്പിച്ചതായി മഹിന്ദ രജപക്‌സെ ട്വിറ്ററിൽ കുറിച്ചു. തലസ്ഥാനമായ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. അതിന് പിന്നാലെയാണ് രാജി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭമാണ് രാജിയിലേക്ക് നയിച്ചത്.

വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. രജപക്സെയുടെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായി. ആക്രമണത്തിൽ സർക്കാർ അനുകൂലികളും സമരക്കാരും ഏറ്റുമുട്ടി. നൂറോളം പേർക്ക് പരിക്കേറ്റിരുന്നു.

Related Articles

Latest Articles