Saturday, April 27, 2024
spot_img

ലാഹോറിലെ പെട്രോൾ സ്‌റ്റേഷനുകളിൽ എവിടെയും പെട്രോളില്ല! എടിഎമ്മിൽ പണമില്ല; സാധാരണക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന്? പാകിസ്ഥാൻ പ്രമുഖ രാഷ്‌ട്രീയക്കാർക്കെതിരെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. പ്രമുഖ രാഷ്‌ട്രീയക്കാരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പാകിസ്ഥാൻ ഹഫീസിന്റെ ട്വിറ്റർ പോസ്റ്റ്. ലാഹോറിലെവിടെയും പെട്രോൾ കിട്ടാനില്ലെന്നും എടിഎം മെഷീനുകളിൽ പണം ലഭിക്കാനില്ലെന്നും ഹഫീസ് തന്റെ ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി.

‘ലാഹോറിലെ പെട്രോൾ സ്‌റ്റേഷനുകളിൽ എവിടെയും പെട്രോളില്ല.. എടിഎം മെഷീനുകളിൽ നിന്നും പണം കിട്ടാനില്ല. ഓരോ രാഷ്‌ട്രീയ തീരുമാനങ്ങൾ മൂലം എന്തുകൊണ്ടാണ് സാധാരണക്കാർ ബുദ്ധിമുട്ടേണ്ടി വരുന്നത്. ‘ ഇപ്രകാരമായിരുന്നു ഹഫീസിന്റെ വാക്കുകൾ. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരെയെല്ലാം ടാഗ് ചെയ്തായിരുന്നു ഷെഫീസിന്റെ പോസ്റ്റ്.

ലാഹോറിൽ ഇമ്രാൻ ഖാന്റെ അനുയായികളായ പിടിഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലാഹോറിൽ ഇന്ധനത്തിനും പണത്തിനും ലഭ്യത കുറഞ്ഞിരുന്നത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും സമീപപ്രദേശങ്ങളിലും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നിലവിൽ കടുത്ത സാമ്പത്തിക പ്രസിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. ഇതുമൂലം നിരവധി വസ്തുക്കളുടെ ഇറക്കുമതി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ആഢംബര വസ്തുക്കൾ പലതിനും 100 ശതമാനം തീരുവയും ചുമത്തിയതായി പാക് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഹൈവേയിൽ നടക്കുന്ന ഉപരോധവും തുടരുകയാണ്. ആസാദി മാർച്ച് എന്ന പേരിൽ രാജ്യത്ത് നടക്കുന്ന പ്രതിഷേധ റാലികൾ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് ശേഷം ഈ വർഷം ഏപ്രിലിലാണ് പാകിസ്താന്റെ 23-ാമത് പ്രധാനമന്ത്രിയായി ഹെഹ്ബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Related Articles

Latest Articles