Wednesday, May 8, 2024
spot_img

പാലക്കാട്ട് ലോക്കപ്പ് മരണം; എക്‌സൈസ് ഓഫീസ് ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ചൂണ്ടിക്കാട്ടി ഭാര്യ

പാലക്കാട്: എക്‌സൈസ് ഓഫീസ് ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി കൊന്നത്തടി സ്വദേശി ഷോജോ ജോൺ ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ഇയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് എക്‌സൈസ് ടവറിൽ ലോക്കപ്പിൽ രാവിലെയോടെയായിരുന്നു ഷോജോ തൂങ്ങിമരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാളെ ലോക്കപ്പിലേക്ക് മാറ്റിയത്. എന്നാൽ ഇതിന് പിന്നാലെ ഇയാൾ ഉടുത്തിരുന്ന മുണ്ടിൽ ലോക്കപ്പിനുള്ളിൽ തൂങ്ങുകയായിരുന്നു. രാവിലെ ആറ് മണിയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം, ഷോജോ ആത്മഹത്യം ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഷോജോ ജോണിന്‍റെ ഭാര്യ ജ്യോതി രംഗത്ത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

പഴനിയിൽ നിന്നും ഹാഷിഷ് ഓയിലുമായി എത്തിയതിന് പിന്നാലെ വീട്ടിൽ നിന്നുമാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി റോബർട്ടിന്റെ നിർദ്ദേശാനുസരണം പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായിട്ടായിരുന്നു പരിശോധന. രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 25 ലക്ഷം രൂപയോളം വില വരും.

Related Articles

Latest Articles