Friday, May 24, 2024
spot_img

പിണറായിയുടെ യോഗങ്ങളിൽ സ്ഥാനാർഥിയില്ലാതെ പ്രചാരണം; ജയരാജന്റെ അസാന്നിധ്യം അണികൾക്കിടയിൽ ചർച്ചയാകുന്നു

വടകര ലോക്‌സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജനു വേണ്ടി മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായി പിണറായി വിജയന്‍ ഇന്നലെ പങ്കെടുത്ത സമ്മേളനങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അഭാവം ചര്‍ച്ചയാകുന്നു. വടകര മണ്ഡലത്തില്‍ കൊയിലാണ്ടി, വടകര, കുറ്റ്യാടി എന്നിവിടങ്ങളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് റാലികളും സമ്മേളനവും നടന്നത്. മുഖ്യമന്ത്രി വരുന്ന പരിപാടിയായതിനാല്‍ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും വാഹനങ്ങളില്‍ ഈ മൂന്ന് സ്ഥലങ്ങളിലും ആളുകളെ എത്തിച്ചിരുന്നു. എന്നാല്‍ പിണറായി പ്രസംഗിച്ച മൂന്നിടങ്ങളിലും സ്ഥാനാര്‍ഥി പി ജയരാജന്റെ അസാന്നിധ്യമാണ് അണികൾക്കിടയിൽ ചര്‍ച്ചയാകുന്നത്.

സിപിഎമ്മിലെ പിണറായി വിഭാഗം ജയരാജന്റെ കണ്ണൂരിലെ അപ്രമാദിത്തം ഇല്ലാതാക്കാന്‍ മനപൂര്‍വ്വമാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന മാധ്യമ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് കാര്യങ്ങൾ. വടകര മണ്ഡലത്തില്‍ ഇതുവരെ നടന്ന സാംസ്‌കാരിക നായകര്‍ പങ്കെടുത്തതടക്കമുള്ള പധാന പരിപാടികളിലെല്ലാം ഏതെങ്കിലും ഒരു സമയം ജയരാജന്‍ എത്തിയിരുന്നു. ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ജയരാജന്റെ പര്യടനം ഉണ്ടായിരുന്നത്. ആദ്യം പിണറായി പങ്കടുത്ത കൊയിലാണ്ടിയല്‍ സ്ഥാനാര്‍ഥിക്ക് എത്തിച്ചേരാന്‍ കഴിയാഞ്ഞിട്ടാണെങ്കില്‍ മറ്റ് രണ്ടു സ്ഥലങ്ങളിലും വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ ജയരാജന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍. എന്നാല്‍ ഇത് അസ്ഥാനത്തായി.

വടകരയില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മണ്ഡലത്തിലെ പ്രധാന വിഷയമായ അക്രമ രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങളെ എതിര്‍ക്കാനോ അതിന് മറുപടി നല്‍കാനോ പിണറായി ശ്രമിച്ചില്ല. വടകര നിയമസഭ മണ്ഡലത്തില്‍ അക്രമത്തിനെതിരെ ആര്‍എംപിഐ പോലുള്ള പാര്‍ട്ടികള്‍ ജയരാജനെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ പ്രതിരോധത്തിനായുള്ള ഒരു വാക്കുപോലും പിണറായിയില്‍ നിന്നും ഉണ്ടായില്ല. ദേശീയ സാഹചര്യങ്ങളും വയനാട്ടിലെ രാഹുലിന്റെ സ്ഥനാര്‍ഥിത്വവുമെല്ലാം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അവസാനം നാലുവരിയില്‍ വടകരയിലെ സ്ഥാനാര്‍ഥിയെകുറിച്ച് പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രസംഗം നിര്‍ത്തിയത്. മൂന്നിടങ്ങളിലും ഇതായിരുന്നു അവസ്ഥ.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്താണ് പി ജയരാജന്റെ വ്യക്തിപ്രഭാവം പൊലിപ്പിച്ച് കണ്ണൂരില്‍ ഇറങ്ങിയ വീഡിയോ പാര്‍ട്ടിതലത്തില്‍ ചര്‍ച്ചയായത്. സിപിഎമ്മിന്റെ കേരളത്തിലെ തട്ടകമായ കണ്ണൂര്‍ ജയരാജനെന്ന ഒറ്റയാന്റെ കൈപ്പിടിയിലാകുമെന്ന തോന്നലാണ് പിണറായി വിജയനെയും കോടിയേരിയെയും മാറി ചന്തിക്കാന്‍ പ്രേരിപ്പിച്ചത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ജയരാജനെ മാറ്റാനുള്ള നീക്കം കണ്ണൂരിലെ ഏരിയാ നേതൃത്വങ്ങളുടെ ഇടപെടലിലൂടെ പാളുകയായിരുന്നു. പിന്നീടാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയരാജനെ നിര്‍ത്തി ഒതുക്കാനുള്ള ശ്രമം പാര്‍ട്ടിയില്‍ നടന്നത്.

കണ്ണൂരിലെ പാര്‍ട്ടി യോഗങ്ങളില്‍ ഇക്കാര്യം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ജയരാജന് എളുപ്പം ജയിക്കാമായിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല. ജില്ലാസെക്രട്ടറി മത്സരിക്കുമ്പോള്‍ താല്‍കാലിക ചുമതല നല്‍കാതെ സ്ഥിരം സെക്രട്ടറിയെ കണ്ണൂരില്‍ അവരോധിച്ചതും ചര്‍ച്ചയാകുന്നുണ്ട്. കോട്ടയത്തും കണ്ണൂരിലും പാര്‍ട്ടിക്ക് രണ്ടു നീതിയാണോയെന്ന ചോദ്യവും അണികള്‍ ഉന്നയിക്കുന്നു.

Related Articles

Latest Articles