Tuesday, May 7, 2024
spot_img

നേപ്പാളിൽ ഇന്ത്യ നിർമ്മിക്കുന്നത് 100 കോടി ചെലവിൽ ബുദ്ധ ആശ്രമം; തറക്കല്ലിടൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും; ബുദ്ധപൂർണ്ണിമ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് നേപ്പാളിൽ

ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില്‍ നടക്കുന്ന ബുദ്ധപൂര്‍ണിമ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദര്‍ശിക്കും. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബയുമായി നടത്തുന്ന നയതന്ത്രചര്‍ച്ചകള്‍ക്കുശേഷം ഇരുരാജ്യങ്ങളും അഞ്ചോളം കരാറുകളില്‍ ഒപ്പുവെക്കും. വിദ്യാഭ്യാസം, ജലവൈദ്യുതി തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലാണ് പ്രധാനമായും ഒപ്പുവെക്കുന്നത്.

മായാദേവി ക്ഷേത്രസന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങുക.മോദിയുടെ അഞ്ചാം നേപ്പാള്‍ സന്ദര്‍ശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി സന്ദര്‍ശിക്കുന്നത്. സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്‌സിറ്റിയുമായും ത്രിഭുവന്‍ യുണിവേഴ്‌സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും. ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല ഐ.സി.സി.ആറുമായും ത്രിഭുവന്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസുമായും ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നുണ്ട്. ദശകങ്ങള്‍ക്കുമുമ്പ് പദ്ധതി തയ്യാറാക്കുകയും ചൈന രണ്ടുവട്ടം ഉപേക്ഷിക്കുകയും ചെയ്ത വെസ്റ്റ് സേഠി ജലവൈദ്യുതപദ്ധതി ഏറ്റെടുക്കണമെന്ന് നേപ്പാള്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചേക്കും. 1200 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി 2009-ലും 2012-ലും രണ്ട് ചൈനീസ് കമ്പനികള്‍ ഏറ്റെടുത്തെങ്കിലും നടപ്പായില്ല.

ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമ്മിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവ്വഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.

ഒരു മാസം മുൻപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര വിശ്വാസവും നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്താൻ സന്ദർശനം സഹായിച്ചുവെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. കെ പി ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രിയായപ്പോൾ ആരംഭിച്ച നല്ല ബന്ധം മുന്നോട്ടുകൊണ്ടുപോകാനാണ് ദുബെയും ശ്രമിക്കുന്നത്.

Related Articles

Latest Articles