Sunday, May 26, 2024
spot_img

സംരംഭം തുടങ്ങാനുള്ള പണമില്ലേ? എന്നാൽ കേന്ദ്ര ഗവണ്മെന്റിന്റെ ഈ പദ്ധതി നിങ്ങൾക്കുപകാരപെടും അറിയാതെ പോകരുത് പിഎംഇജിപി

ദില്ലി: സ്വയം തൊഴില്‍ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയെ പരിപോഷിപ്പിക്കുന്നതിനുമായി പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായോ പ്രത്യേകമായോ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പിഎംഇജിപി. വായ്പയ്‌ക്കൊപ്പം സബ്‌സിഡിയും ഈ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.

പുതുതായി ആരംഭിക്കുന്ന ഈ സംരഭം വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും, ചാരിറ്റിബിള്‍ ട്രസ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, പ്രൈവറ്റ് ഷെഡ്യൂള്‍ഡ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ ലഭിക്കുന്നതാണ്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പിഎംഇജിപി. സംസ്ഥാനതലത്തില്‍ നഗര പ്രദേശങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമ പ്രദേശങ്ങളിലെ അപേക്ഷ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമാണ് പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.

പദ്ധതി ചിലവിന് പരമാവധി തുക നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉത്പ്പന്ന നിര്‍മാണ സംരഭങ്ങള്‍ക്ക് പരമാവധി 25 ലക്ഷം രൂപയും, സേവന സംരഭങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപയുമാണ് പരമാവധി പദ്ധതിച്ചിലവായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. സാധാരണ വിഭാഗത്തില്‍പെട്ടവര്‍ പദ്ധതി അടങ്കലിന്റെ 10%വും പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ പദ്ധതി അടങ്കലിന്റെ 5% വും സ്വന്തം മുതല്‍ മുടക്കായി കണ്ടെത്തണം.18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുക. പരമാവധി പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. എത്ര പ്രായം വരെയും വായ്പയ്ക്കായി അപേക്ഷിക്കാം. വരുമാനത്തിന്റെ കാര്യത്തിലും നിബന്ധനകളില്ല. എന്നാല്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉത്പ്പന്ന നിര്‍മാണ സംരഭങ്ങളിലും 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവന സംരഭങ്ങളിലും അപേക്ഷകന് ഏറ്റവും കുറഞ്ഞത് 8ാം ക്ലാസ് വിജയിച്ച വ്യക്തിയായിരിക്കണം.വായ്പയുടെ കാലാവധി 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയാണ്.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ഡിഐസി, എംഎസ്എംഇ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായാണ് വായ്പയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍, ഖനി വിഭവ വ്യവസായങ്ങള്‍, ധാതു വ്യവസായങ്ങള്‍, നാരുല്‍പന്ന വ്യവസായങ്ങള്‍ തുടങ്ങി നിര്‍മാണ മേഖലയിലെയും ടെക്‌സ്‌റ്റൈല്‍ ഉള്‍പ്പെടെയുള്ള സേവന സംരംഭങ്ങളും പിഎംഇജിപിയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അതേ സമയം മാംസ സംസ്‌കരണം, ലഹരിപദാര്‍ഥങ്ങളുടെ ഉല്‍പാദനവും വിതരണം, കൃഷിപ്പണികള്‍-പ്ലാന്റേഷന്‍, നിശ്ചിത കനത്തില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഫുഡ് കണ്ടെയ്‌നറുകള്‍, സബ്‌സിഡിയോടുകൂടിയ ഖാദി, നൂല്‍-നൂല്‍പ്‌നെയ്ത്ത് പരിപാടികള്‍, പൗള്‍ട്രി, പിഎംആര്‍വൈ /ആര്‍ഇജിപി തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ വഴി ആനുകൂല്യം ലഭിച്ചവര്‍, സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയോടുകൂടി ആനുകൂല്യം ലഭിച്ചവര്‍ എന്നിവര്‍ക്ക് പിഎംഇജിപി സബ്‌സിഡി വഴിയുള്ള ആനുകൂല്യത്തിന് അര്‍ഹരല്ല. 11 ദിവസത്തെ സംരംഭക വികസന പ്രോഗ്രാം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമേ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പ വിതരണം ചെയ്യുകയുള്ളൂ. പിഎംഇജിപി വായ്പയാല്‍ സംരഭം ആരംഭിക്കുകയും വായ്പ തുക മുഴുവന്‍ തിരിച്ചടയ്ക്കുകയും ചെയ്ത സംരഭകര്‍ക്ക് യൂണിറ്റ് വികസിപ്പിക്കുന്നതിനായി രണ്ടാം ഘട്ട വായ്പയും സബ്‌സിഡിയും ലഭിക്കും. പദ്ധതിച്ചിലവ് 1 കോടി രൂപ വരെയുള്ള സംരഭകര്‍ക്കാര്‍ ഇതിനായി അര്‍ഹത. 10 ശതമാനം സ്വന്തം വിഹിതമായി കണ്ടെത്തണം. 15 ലക്ഷം രൂപയാണ് പരമാവധി അധിക സബ്‌സിഡിയായി ലഭിക്കുക. നേരത്തേ വായ്പ എടുത്ത സ്ഥാപനത്തില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നോ രണ്ടാം ഘ്ട്ട വായ്പയക്കായി അപേക്ഷിക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles