മലപ്പുറം: പെരിന്തല്മണ്ണയില് വൻ കഞ്ചാവ് (Ganja) വേട്ട. ആന്ധ്രയിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന അമ്പതു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്പീടികയേക്കല് ഉസ്മാന് (46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില് ഹനീഫ (40), ഡ്രൈവർ മുന്നിയൂര് കളത്തിങ്ങല്പാറ സ്വദേശി ചോനേരി മഠത്തില് മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തല്മണ്ണ സിഐ സുനില് പുളിക്കല്, എസ്ഐ സി കെ നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഇതിൽ മുഹമ്മദലിയുടെ ആണ് ആംബുലൻസ്. ഇയാൾ തന്നെ ആണ് ആംബുലൻസ് ഓടിച്ചിരുന്നത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പെരിന്തല്മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തില് ആണ് ഇപ്പൊൾ കഞ്ചാവ് പിടികൂടിയത്.
പ്രതികളെ കൂടുതല് ചോദ്യം ചെയ്തതില് വന് സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് പ്രതികള് കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്നും പോലീസ്- എക്സൈസ് അതികൃതരുടെ പരിശോധനകള് ഒഴിവാക്കാനാണ് കഞ്ചാവ് കടത്തിന് ആംബുലന്സ് ഉപയോഗിച്ചതെന്നും പ്രതികള് പോലീസിനോട് പറഞ്ഞു.

