Thursday, May 2, 2024
spot_img

ഒളിച്ചു നിന്ന പ്രണവിനെ ചേർത്തുപിടിച്ച് വിനീത്; കണ്ടടോ ഞങ്ങളുടെ ആ പഴയ ദാസനേം വിജയനേം എന്ന് ആരാധകർ; ‘ഹൃദയം’ തൊട്ട് താരങ്ങൾ ; വീഡിയോ

പ്രണവ് മോഹന്‍ലാലിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രണവ് മോഹൻലാലിന്റെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാകാറുണ്ട്. യഥാർഥ ജീവിതത്തിൽ വളരെ ലാളിത്യം സൂക്ഷിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ എന്നാണ് അദ്ദേഹത്തെ അറിയുന്ന ഏവരും അഭിപ്രായപെടുന്നത്.

മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തീയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.

ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ച കൊച്ചിയിൽ നടന്നിരുന്നു. സാധാരണ പൊതുവേദികളിൽ സംസാരിക്കാനും മീഡിയയെ അഭിമുഖീകരിക്കാനുമൊക്കെ പലപ്പോഴും മടി കാണിക്കാറുള്ള ഒരാൾ. കൂടാതെ ആൾക്കൂട്ടത്തിലൊരായി നിൽക്കാനും സാധാരണക്കാരെ പോലെ യാത്രകൾ ചെയ്യാനുമൊക്കെയാണ് പ്രണവിനിഷ്ടം. അതിനാൽ തന്നെ ഓഡിയോ ലോഞ്ച് നടന്നപ്പോഴും നിശബ്ദമായിരുന്നു പ്രണവിന്റെ സാന്നിധ്യം.

ഇപ്പോഴിതാ വേദിയിൽ ഒതുങ്ങികൂടി നിന്ന പ്രണവിനെ വേദിയുടെ മുൻനിരയിലേക്ക് ക്ഷണിക്കുന്ന വിനീത് ശ്രീനിവാസന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഈ വീഡിയോ വൈറലായതോടെ ആരാധകർ കമന്റുമായി എത്തി. കണ്ടടോ ഞങ്ങൾ ആ പഴയ ദാസനേം വിജയനേം, ബാക്കിൽ പോയി ഒളിച്ച് നിൽക്കാം എന്ന് കരുതിയോ, ഒരിച്ചിരി ജാഡ ഒക്കെ ആവാം കേട്ടോ, ഏറ്റവും പുറകിലായി നിന്നിട്ടും ഏറ്റവും കൂടുതൽ സ്നേഹം ഏറ്റുവാങ്ങിയത് അപ്പു ബ്രോ ആണു, സമ്മതിക്കൂല അല്ലേ? തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.

അൽപ്പം വ്യത്യസ്തമായ രീതിയിലാണ് ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന് നല്‍കിയാണ് ഓഡിയോ കാസറ്റിന്‍റെ പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യയിൽ ഇപ്പോൾ ഓഡിയോ കാസറ്റ് പ്രൊഡക്ഷൻ ഇല്ലാത്തതിനാൽ കാസറ്റ് ജപ്പാനിൽ നിന്നാണ് ചെയ്യിച്ചത്. നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം, പ്രണവ് മോഹന്‍ലാല്‍, സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ്, ആന്‍റണി പെരുമ്പാവൂര്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ചിത്രത്തിൽ 15 പാട്ടുകൾ ആണുള്ളത്. എന്നാൽ ഇത് പറഞ്ഞപ്പോൾ ആളുകൾ ചോദിക്കുന്നത് ഇത് സിനിമയാണോ ഗാനമേളയാണോ എന്നാണ്. എന്നാൽ അങ്ങനെയല്ല സംഗീതം ഈ സിനിമയുടെ ഒരു ഭാഗമാണ്. സംഗീതത്തിലൂടെയാണ് ഈ സിനിമ പറഞ്ഞിട്ടുള്ളത്. ഹിഷാമിനെ പോലൊരാൾ എന്റെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ‘ഹൃദയം’ സംഭവിച്ചത്.” എന്നാണ് ഹൃദയ’ത്തിന്റെ വേറിട്ട സമീപനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത്.

എന്തായാലും ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രണവിന്റെ ചിത്രങ്ങൾ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും ജനങ്ങളിൽ ഇത്രയും ഓളം ഉണ്ടാക്കാൻ സിനിമയ്‌ക്കോ, അതിലെ ഗാനങ്ങൾക്കോ ആയിരുന്നില്ല. എന്നാൽ വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതു തന്നെയാണ് ഇത്തവണത്തെ ആകാംക്ഷയ്ക്ക് കാരണം. ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും.

പ്രഖ്യാപനം മുതലേ ചിത്രം ചര്‍ച്ചയായിരുന്നു. നേരത്തെ എത്തിയ ‘ദര്‍ശന’ എന്ന ഗാനത്തിനും,പിന്നീട് എത്തിയ ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‘അരികില്‍ നിന്ന’ എന്ന ഗാനമാണ് നേരത്തെ പുറത്തുവിട്ടത്. ഈ ഗാനത്തിനും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹേഷം അബ്‍ദുള്‍ വഹാബാണ്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുമ്പോള്‍, ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. പിന്നീട് ഒണക്ക മുന്തിരി…” എന്നു തുടങ്ങുന്ന ഗാനവും പുറത്ത് വിട്ടു. വിനീതിന്റെ ഭാര്യ ദിവ്യ പാടിയ ഗാനമാണ് ഇത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഹിഷാം അബ്ദുള്‍ വഹാബ് തന്നെയാണ് വരികൾക്ക് ഈണം പകർന്നിരിക്കുന്നത്. ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധേയാണ് നേടിയിരുന്നു..

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. കല്യാണി പ്രിയദർശൻ ആണ് ഹൃദയത്തിലെ മറ്റൊരു നായിക. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്നിവരുടെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’. ചിത്രം 2022 ജനുവരി 21–ന് തിയറ്ററുകളിലെത്തും.

Related Articles

Latest Articles