Friday, April 26, 2024
spot_img

ആസാദി കാ അമൃത് മഹോത്സവ്; ഇത് ഐതിഹാസിക ദിനം, അടുത്ത 25 വർഷം 5 സുപ്രധാന ലക്ഷ്യങ്ങൾ, സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് അടുത്ത 25 വർഷം നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷങ്ങളിൽ അഞ്ച് സുപ്രധാന ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാനമന്ത്രി പഞ്ച് പ്രാൺ പ്രഖ്യാപിച്ചു.

1.വികസിത ഇന്ത്യ
2. അടിമത്തമോചനം
3. പാരമ്പര്യത്തിൽ അഭിമാനം
4. ഐക്യവും സമഗ്രതയും.
5. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക. ഇതാണ് പഞ്ച് പ്രാൺ.

ഇത് ഐതിഹാസിക ദിനം. രാജ്യം പുതിയ ദിശയിലേക്കാണ് പോകുന്നതെന്നും, ഈ അവസരത്തിൽ സ്വാതന്ത്ര്യ സമരപോരാളികളെ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിച്ചു. ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവടക്കം ഉള്ള മഹാന്മാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. താൻ ശ്രമിച്ചത് ശാക്തീകരണത്തിനാണ്. രാജ്യം ഇപ്പോൾ പുത്തനുണർവിൽ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണർവിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാണ്. കൂടാതെ ഭാഷയിലേയും പ്രവൃത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം. മഹാത്മാ ഗാന്ധിയെ അടക്കം അനുസ്മരിച്ച അദ്ദേഹം നേതാജിക്കും അംബേദ്ക്കറിനും നന്ദി പറഞ്ഞു. പല വെല്ലുവിളികളിലും ഇന്ത്യ മുന്നേറിയെന്നും നരേന്ദ്രമോദി പറഞ്ഞു. കോവിഡ് പോരാളികൾക്കും അദ്ദേഹം തന്റെ ആദരം അർപ്പിച്ചു.

വിഭജനകാലം ഇന്ത്യ പിന്നിട്ടത് വേദനയോടെയാണ്. ഊർജസ്വലമായ ജനാധിപത്യമാണിന്ത്യ. രാഷ്ട്രത്തിൽ 91 കോടി വോട്ടർമാർ നമ്മുടെ ശക്തിയാണ്. അഴിമതിയും കുടുംബരാഷ്ട്രീയവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. വൈവിധ്യമാണ് ഏറ്റവും വലിയ ശക്തി. ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയിൽ അഭിമാനിക്കണം.

ലോകം പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആഗോളതാപനത്തെ പരിഹരിക്കുന്നതിന് ശ്രമം വേണം. പ്രകൃതിയിലും ജീവനിലും ദൈവത്തെ കാണുന്നവരാണ് ഭാരതീയർ എന്നും മോദി പറഞ്ഞു. ആത്മനിർഭർ ഇന്ത്യ സർക്കാർ പരിപാടി അല്ല. എല്ലാ പൗരന്മാരുടെയും സർക്കാരുകളുടെയും കടമയാണ്. ഇത് വിജയിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ബഹിരാകാശത്ത് നിന്ന് സമുദ്രത്തിന്‍റെ ആഴങ്ങളിലേക്കുള്ള ഗവേഷണത്തിന് യുവാക്കളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. അതാണ് ഡീപ് ഓഷ്യൻ മിഷൻ വിപുലീകരിക്കുന്നത്.

ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷംഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

 

 

Related Articles

Latest Articles