Friday, May 10, 2024
spot_img

ചെങ്കോട്ടയിലെ പ്രസംഗത്തിൽ ടെലി പ്രോംപ്റ്റര്‍ ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പകരം പേപ്പര്‍ നോട്ടുകള്‍

ദില്ലി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് ടെലി പ്രോംപ്റ്ററിനു പകരം പേപ്പര്‍ നോട്ടുകള്‍. 82 മിനിറ്റോളം നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.

ഇപ്രാവശ്യം ടെലി പ്രോംപ്റ്റര്‍ ഒഴിവാക്കി പേപ്പറില്‍ എഴുതികൊണ്ടുവന്ന പോയിന്റുകള്‍ നോക്കിയാണ് മോദി പ്രസംഗം നടത്തിയത്. 2014 ല്‍ മോദി മുന്‍കൂട്ടി തയ്യാറാക്കിയ കുറിപ്പ് ഇല്ലാതെയാണ് തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം അദ്ദേഹം നടത്തിയത്. ഈ വര്‍ഷം ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് മോദി പ്രസംഗത്തിനെത്തിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ കാര്യമായ സംഭാവന നല്‍കിയ സ്വതന്ത്ര ഇന്ത്യയുടെ ശില്‍പികളെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ”രാജ്യം പടുത്തുയര്‍ത്താനും സ്വാതന്ത്ര്യം നേടി തരാനും സഹായിച്ചവരെ ഓര്‍ക്കണം- ഡോ. രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സര്‍ദാര്‍ പട്ടേല്‍, ശ്യാമ പ്രസാദ് മുഖര്‍ജി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ദീന്‍ദയാല്‍ ഉപാധ്യയ, ജയ് പ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹിയ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യം ഭാരതി- ഈ മഹാന്മാരുടെ മുമ്പില്‍ തലകുനിയ്‌ക്കേണ്ട ദിവസമാണിന്ന്”, മോദിയുടെ വാക്കുകള്‍.

ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിത്. വെല്ലുവിളികള്‍ക്ക് ഇടയിലും ഇന്ത്യ മുന്നേറി. 75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുകയാണ്. ഊര്‍ജ്വസ്വലമായ രാജ്യമാണ് ഇന്ത്യയെന്ന്” 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

Related Articles

Latest Articles