Saturday, April 27, 2024
spot_img

ഇത് കരുതലും സ്നേഹവും നിറഞ്ഞ വാക്ക് പാലിക്കൽ; കൊവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ, പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

ദില്ലി: മാനവരാശിയെ മൊത്തം ദുരിതത്തിലാക്കിമാറ്റിയ ഒന്നായിരുന്നു കോവിഡ് എന്ന മഹാമാരി. ഇതിൽ പലർക്കും അവരുടെ പ്രിയപ്പെട്ടവരേ നഷ്ടമായി. ഒരുപാട് കുഞ്ഞുങ്ങൾ അനാഥരായി. അങ്ങനെ അനാഥരായ കുഞ്ഞുങ്ങൾക്ക് കൈത്താങ്ങാവുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

ഈ ആനുകൂല്യം സ്വീകരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ള 112 കുട്ടികളുമുണ്ട്. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും.

നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിലാണ് പദ്ധതി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Related Articles

Latest Articles