കൊച്ചി: വിപിവിവി കമ്പനിയുടെ കോടികളുടെ നിക്ഷേപത്തട്ടിപ്പിനെതിരെ ഇരകൾ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ച് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഈ സമരം. കേരളത്തിനും ഡൽഹിക്കും പുറമെ മറ്റ് സംസ്ഥാനങ്ങളിൽ വഞ്ചിതരായ നിക്ഷേപകരും സമരത്തിൽ അണിനിരക്കുമെന്ന് വിപിവിവി വിക്റ്റിംസ് അസോസിയേഷൻ അറിയിച്ചു.
ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ചിഹ്നങ്ങളും, രാഷ്ട്രപതി, പ്രധാനമന്ത്രി, നാവികസേന എന്നിവരുടെ പേരും മുദ്രകളും ചിത്രങ്ങളും കമ്പനി വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഈ ഗുരുതരമായ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, തട്ടിപ്പിനിരയായ അഞ്ഞൂറിലധികം നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
സമരത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഈ ആഴ്ച അവസാനം ന്യൂഡൽഹിയിൽ സംഘാടക സമിതി യോഗം ചേർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്യും. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ട നിക്ഷേപകർക്ക് നീതി ലഭ്യമാകുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് അസോസിയേഷന്റെ തീരുമാനം.

