കൊച്ചി: പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഒരു സംഘം ഉദ്യോഗാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ അടക്കമുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലം, മലപ്പുറം സ്വദേശികളാണ് ഹര്‍ജിക്കാര്‍. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ പരീക്ഷാ ക്രമക്കേട് പുറത്തുവരില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതാണ് അഭികാമ്യം. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. ഇക്കാര്യം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയതാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടേണ്ടത് അനിവാര്യമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

