Tuesday, May 7, 2024
spot_img

അമൃത്പാൽ കീഴടങ്ങിയത് ഗത്യന്തരമില്ലാതെയെന്ന് പഞ്ചാബ് പോലീസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശം

മോഗ : ഖലിസ്താന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് ഗത്യന്തരമില്ലാതെ കീഴടങ്ങിയത് പഞ്ചാബിലെ മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത ശേഷം. ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മസ്ഥലമാണ് മോഗ. അമൃത്പാലിനെ അനുയായികള്‍ ഭിന്ദ്രന്‍വാല രണ്ടാമന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭിന്ദ്രന്‍വാലയുടെ മുഖവുമായി സാമ്യം ലഭിക്കുന്നതിനായി അമൃത്പാൽ വിദേശത്ത് പ്രത്യേക ശസ്ത്രക്രിയകൾക്ക് വിധേയനായി എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

പോലീസ് ഗുരുദ്വാര വളഞ്ഞുവെന്ന്‌ മനസിലാക്കിയ അമൃത്പാല്‍ ഗത്യന്തരമില്ലാതെയാണ് കീഴടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഗുരുദ്വാരയുടെ പവിത്രത കണക്കിലെടുത്ത് പോലീസ് അവിടേക്ക് കയറിയിരുന്നില്ലെന്നും പഞ്ചാബ് പോലീസിലെ ഐ.ജിയായ സുഘ്‌ചൈന്‍ സിങ് പറഞ്ഞു. അമൃത്പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് കർശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചാബ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ അമൃത്പാലിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റും. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാലിന്റെ എട്ടോളം അനുയായികളെ ഈ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 18 മുതല്‍ അമൃത്പാലിനായി പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകളാണ് അമൃത്പാല്‍ സിങ്ങിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Related Articles

Latest Articles