Monday, April 29, 2024
spot_img

‘യുക്രൈയ്ൻ ദുർബലമാണെന്നും പാശ്ചാത്യ രാജ്യങ്ങൾ വിഭജിക്കപ്പെട്ടതായും പുട്ടിൻ തെറ്റിദ്ധരിച്ചു’; റഷ്യക്കെതിരെ ആഞ്ഞടിച്ച് ബൈഡൻ കീവിൽ

കീവ് : ഒരു വർഷത്തോളമായി തുടരുന്ന റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈയ്ൻ ജനതയ്ക്കും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിക്കും അമേരിക്കയുടെ പരിപൂർണ പിന്തുണ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപ്രതീക്ഷിതമായി കീവിൽ എത്തിയ ജോ ബൈഡൻ , സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് യുക്രൈയ്നോടുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. ആക്രമണങ്ങൾ റഷ്യ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ബൈഡന്റെ യുക്രൈയ്ൻ സന്ദർശനം.

സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം ബൈഡൻ നടത്തിയ പ്രസ്താവന വായിക്കാം;

യുക്രെയ്നിൽ റഷ്യ നടത്തിയ ക്രൂരമായ അധിനിവേശത്തിന്റെ ഒന്നാം വാർഷികം അടയാളപ്പെടുത്താൻ ലോകം ഒരുങ്ങുമ്പോൾ, പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനും യുക്രെയ്‌ന്റെ ജനാധിപത്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള നമ്മുടെ അചഞ്ചലവും അടിപതറാത്തതുമായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുമാണ് ഞാൻ കീവിലെത്തിയിരിക്കുന്നത്.

ഏകദേശം ഒരു വർഷം മുമ്പ് പുട്ടിൻ തന്റെ അധിനിവേശം ആരംഭിച്ചപ്പോൾ, യുക്രെയ്ൻ ദുർബലമാണെന്നും പടിഞ്ഞാറൻ രാജ്യങ്ങൾ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂർണമായും തെറ്റുപറ്റി. യുക്രെയ്നുള്ള ഞങ്ങളുടെ പിന്തുണ ആവർത്തിച്ച് ഉറപ്പു നൽകുന്നതിനാണ് വിപുലമായ ചർച്ചകൾക്കായി ഞാൻ സെലൻസ്കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവിൽ ചർച്ച നടത്തുന്നത്.

യുക്രെയ്ൻ ജനതയെ വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് പീരങ്കി വെടിയുണ്ടകൾ, വ്യോമ നിരീക്ഷണ റഡാറുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ ഉപകരണങ്ങൾ നൽകുന്ന കാര്യം പ്രഖ്യാപിക്കും. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ഉന്നതർക്കും കമ്പനികൾക്കുമെതിരെ അധിക ഉപരോധം ഏർപ്പെടുത്തുന്ന കാര്യം ഈ ആഴ്ച അറിയിക്കും.

റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്നെ സഹായിക്കാൻ അറ്റ്ലാന്റിക് മുതൽ പസിഫിക് വരെയുള്ള രാജ്യങ്ങളുടെ ഒരു സഖ്യം യുഎസ് രൂപപ്പെടുത്തിയിട്ടുണ്ട് – സൈനിക, സാമ്പത്തിക, മാനുഷിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ആ സഹായം ഇനിയും തുടരും.

പോളണ്ട് പ്രസിഡന്റ് ഡൂഡയെയും നമ്മുടെ കിഴക്കൻ സഖ്യകക്ഷികളുടെ നേതാക്കളെയും സന്ദർശിക്കുന്നതിനായി ഉടൻ പോളണ്ടിലെത്തും. യുക്രെയ്നിലെ ജനങ്ങളെയും, ലോകമാസകലം നമ്മെ ഒന്നിപ്പിക്കുന്ന യുഎൻ ചാർട്ടറിൽ ഉറപ്പു നൽകുന്ന മനുഷ്യാവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങളെ തുടർന്നും എങ്ങനെ അണിനിരത്തുമെന്നതിനെക്കുറിച്ചും വിശദീകരിക്കും.

Related Articles

Latest Articles