Sunday, May 5, 2024
spot_img

‘രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായിക്ക് പിഡിപിയുമായി കൂട്ട്’; കേരളത്തില്‍ എല്ലായിടത്തും എന്‍ഡിഎ മുന്നിലെന്ന് കെ സുരേന്ദ്രൻ

കൊല്ലം: കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. പരാജയഭീതി കാരണം യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ജയിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കള്ള പ്രചരണം നടത്തുകയാണ്.

എന്‍കെ പ്രേമചന്ദ്രൻ ഏറ്റവും വലിയ ഫ്ലക്സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായി കൂട്ട്. തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. ബിജെപി ലീഗൽ സെൽ കൺവീനർ ജെ. പത്മകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവരാണ് സ്റ്റേറ്റ് ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പരാതി നൽകിയത്.

ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങൾ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷൻ വിലയിരുത്തി. തൻ്റെ പരാമർശങ്ങൾ എതിർ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശിതരൂരിൻ്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞു.

Related Articles

Latest Articles