Sunday, May 26, 2024
spot_img

രാഹുൽ ഗാന്ധിയുടെ വലം കൈ ബിജെപിയിൽ , കോൺഗ്രസ്സിന് കടുത്ത പ്രഹരം

രാഹുൽ ഗാന്ധിക്ക് കടുത്ത പ്രഹരം നൽകിയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയ ,മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത് . മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് വിട്ട് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്. “ഞാൻ കോൺഗ്രസിനൊപ്പമുണ്ടായിരുന്നപ്പോൾ ആത്മാർത്ഥത പുലർത്തിയിരുന്നു, ഇപ്പോൾ, ലോക്‌സഭയിലായാലും സംസ്ഥാന തെരഞ്ഞെടുപ്പായാലും എൻ്റെ വലയത്തിൽ ബിജെപി വിജയിക്കുമെന്ന് ഞാൻ ഉറപ്പാക്കും” ബിജെപിയിൽ ചേർന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പറയുകയുണ്ടായി .

തിങ്കളാഴ്ചയാണ് അശോക് ചവാൻ കോൺഗ്രസ് വിട്ടത്. എംഎൽഎ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാൻ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “കേസ് ഹൈക്കോടതിയിലാണ്. നിയമം അതിൻ്റെ വഴിക്ക് പോകും. അതൊരു രാഷ്ട്രീയ തന്ത്രമാണെന്ന് മാത്രമേ ഞാൻ പറയൂ. ഞാൻ ഇതിനകം തന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്” ആദർശ് ഭവന കുംഭകോണക്കേസിനെക്കുറിച്ച് സംസാരിക്കവെ ചവാൻ പറഞ്ഞു.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1987ൽ ആദ്യമായി ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ രണ്ടാം തവണയും ലോക്‌സഭാ എംപിയായി. ഇതുകൂടാതെ ഒരിക്കൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ രണ്ടുതവണ എംപിയും നാലുതവണ എംഎൽഎയുമായിരുന്ന വ്യക്തിയാണ് അശോക് ചവാൻ. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് സർക്കാരിലെ സാംസ്‌കാരികകാര്യം, വ്യവസായം, ഖനി, പ്രോട്ടോക്കോൾ മന്ത്രിയായിരുന്നു അശോക്.

2008 നവംബറിലാണ് മുംബൈയിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിന് ശേഷം അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് രാജിവെച്ചിരുന്നു. ഇതിനുശേഷം അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2009 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും ചവാനെ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.

ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതി കേസിൽ 2010 നവംബർ 9 ന് കോൺഗ്രസ് അശോക് ചവാൻ്റെ രാജി ആവശ്യപ്പെടുകയായിരുന്നു. അഴിമതിയാരോപണങ്ങൾക്കിടയിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നന്ദേഡിൽ നിന്ന് അദ്ദേഹം വിജയിച്ചു. 2015ൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റായി നിയമിതനായി. എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നന്ദേഡ് സീറ്റിൽ ബിജെപിയുടെ പ്രതാപ് പാട്ടീലിനോട് അശോക് ചവാൻ പരാജയപ്പെട്ടു.

മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്തയാളാണ് അശോക് ചവാൻ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പരാജയ സമയത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി അശോക് ചവാൻ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ പരാജയം കൂട്ടുത്തരവാദിത്തമാണെന്നും ഇത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് അശോക് ചവാൻ കോൺഗ്രസ് വിട്ടിരിക്കുന്നത്. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ മഹാരാഷ്ട്ര കോൺഗ്രസിലെ വലിയ നേതാക്കളായ ബാബാ സിദ്ദിഖി, മിലിന്ദ് ദേവ്‌റ, അമർനാഥ് രാജൂർക്കർ എന്നിവരും പാർട്ടി വിട്ടിരുന്നു.

Related Articles

Latest Articles