Friday, May 24, 2024
spot_img

ആലപ്പുഴയിൽ നിന്നും കാണാതായ രാഹുൽ മുംബൈയിലോ ? വിനയ് എന്ന പേരിലുള്ളത് രാഹുലോ? | RAHUL

ആലപ്പുഴയിൽ നിന്നും കാണാതായ രാഹുൽ മുംബൈയിലോ ? വിനയ് എന്ന പേരിലുള്ളത് രാഹുലോ? | RAHUL

ഏഴാം വയസില്‍ ആലപ്പുഴയിലെ ആശ്രാമം വാര്‍ഡില്‍ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുള്ള കുട്ടിയെ മുംബൈയില്‍ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്. വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

രാഹുലിന്റെ പിതാവ് എ ആര്‍ രാജു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായത്. ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇതോടെയാണ് താന്‍ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വിവരം പങ്കുവച്ചത്. അന്വേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് പറയാന്‍ കഴിയൂ എന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് ശിവാജി പാര്‍ക്കില്‍ വച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടതെന്ന്് വസുന്ധര കത്തില്‍ പറയുന്നു. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തി, പിതാവിനെ തേടിയാണ് മുംബെയില്‍ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തില്‍ പറഞ്ഞു. രാഹുലിന്റ അച്ഛന്റെ മരണവാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓര്‍ത്തതെന്നും കത്തില്‍ പറയുന്നുണ്ട്. . കാണാതായ രാഹുലിന്റെ അമ്മ അയ്യച്ച കത്തും ഫോട്ടോയും ആലപ്പുഴ എസ് പിക്ക് കൈമാറിയിട്ടുണ്ട്.

2005 മെയ് 18ന് ആണ് രാഹുലിനെ കാണാതായത്. കാണാതായി മാസങ്ങള്‍ക്കുശേഷം മുംബൈ റെയില്‍വേ സ്റ്റേഷനില്‍ രാഹുലിനെ കണ്ടതായി മലയാളി അറിയിച്ചതനുസരിച്ച് രാജുവും ബന്ധുവുംകൂടി പോയെങ്കിലും കണ്ടെത്താനായിരുന്നില്ല. വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്ന് രാഹുലിന്റെ മാതാവ് മിനി രാജു പറഞ്ഞു.

എങ്കിലും ഇതു കേട്ടപ്പോള്‍ സത്യമറിയണമെന്ന് തോന്നിയതുകൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഡിഎന്‍എ ടെസ്റ്റും മറ്റും നടത്തേണ്ടി വന്നാല്‍ അധികൃതരുടെ സഹായമില്ലാതെ പറ്റില്ലല്ലോയെന്ും രാഹുലിന്റെ മാതാവ് മിനി രാജു പറയുന്നു.

ആശ്രമം വാര്‍ഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആര്‍ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരന്‍ രാഹുലിനെ 2005 മെയ് 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവന്‍ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഒന്നരപതിറ്റാണ്ടോളം സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല. കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകളും ഒന്നരപതിറ്റാണ്ട് അന്വേഷിച്ചിട്ടും രാഹുലിനെ കാണാമറയത്തുനിന്ന് പുറത്തുകൊണ്ടുവരാനായില്ല.

രാഹുലിന്റെ അച്ഛന്‍ രാജു. രാഹുലിനെ കാണാതാകുമ്പോള്‍ രാജു ഗള്‍ഫിലായിരുന്നു. 19 മാസമാണ് കേരളാ പൊലീസ് അന്വേഷിച്ചത്. അയല്‍വാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയല്‍വാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി.സിബിഐയും പൊലീസിന്റെ വഴിയെയാണ് നീങ്ങിയത്. അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തു. 2006 ഫെബ്രുവരിയില്‍, അയല്‍വാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല.

ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഫലമില്ലാതായതോടെ 2013ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

എങ്കിലും ഒരു നാള്‍ രാഹുല്‍ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകര്‍ത്തു. കണ്ണടയ്ക്കും മുമ്പ് മകനെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്. അടുത്തിടെയാണ് രാഹുലിന്റെ പിതാവ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

Related Articles

Latest Articles