ദില്ലി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇ ഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ താര പ്രചാരകനാണെന്നും അതിനാൽ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അനുവദിച്ച സമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം കത്ത് നൽകുകയായിരുന്നു. താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കരുത് എന്ന ഉദ്ദേശ്യത്തോടെ ബിജെപിയുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയ സമൻസ് നിയമവിരുദ്ധമാണെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്‌രിവാൾ ദില്ലിയിൽ നിന്ന് വാരാണസിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അവിടെനിന്നും അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് പോകും. അതേസമയം കെജ്‌രിവാളിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും, ലഭിച്ചശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും ഇ ഡി വൃത്തങ്ങൾ അറിയിച്ചു.
അരവിന്ദ് കെജ്‌രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും എന്ന് തന്നെയായിരുന്നു ആം ആദ്‌മി വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ അപ്രതീക്ഷിതമായി അദ്ദേഹം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. അതിനിടെ അറസ്റ്റ് ഭയന്നാണ് കെജ്‌രിവാൾ ഹാജരാകാത്തതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ദില്ലിയിൽ പോലീസ് സുരക്ഷവർധിപ്പിച്ചിരുന്നു. ഈ ഒരുക്കങ്ങൾ അറസ്റ്റുണ്ടാകുമെന്ന ധാരണ പടരാനിടയായിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്‌രിവാൾ മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ യാത്ര തിരിച്ചത്.

