Thursday, May 2, 2024
spot_img

ബലാത്സംഗക്കേസ്; എൽദോസിന് ഇന്ന് നിർണ്ണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും ? വിശദീകരണം നൽകാൻ പാർട്ടി നൽകിയ സമയം ഇന്ന് തീരും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് ഇന്ന് നിർണ്ണായക ദിനം. ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ബലാത്സംഗക്കേസിന് പുറമേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പുതിയ വകുപ്പുകൾ കൂടി ചേർത്തുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ജില്ലാ കോടതിക്ക് കൈമാറി. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതോടെയാണ് എൽദോസിനെതിരെ മറ്റ് വകുപ്പുകൾ കൂടി പോലീസ് ചുമത്തിയത്.

അതേസമയം, ജാമ്യ ഹർജിയിൽ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം. അതേസമയം, എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. വീട്ടിൽ വെച്ചും എൽദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

പീഡന പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്ന് കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ബലാത്സംഗക്കേസിൽ ഉൾപ്പെടെ വിശദീകരണം നൽകാൻ കെപിസിസി എൽദോസിന് നൽകിയ സമയവും ഇന്ന് അവസാനിക്കും.

Related Articles

Latest Articles