Sunday, May 5, 2024
spot_img

കോൺഗ്രസിലെ പൊട്ടിത്തെറിയിൽ യുഡിഎഫ് ആടിയുലയുന്നു; ആർഎസ്പി മുന്നണി വിടുമെന്ന് സൂചന

തിരുവനന്തപുരം: കോൺഗ്രസിലെ പൊട്ടിത്തെറിയിൽ യുഡിഎഫ് ആടിയുലയുന്നു. ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടി വിടുകയാണെന്ന് അറിയിച്ചത്. എന്നാൽ ഇപ്പോഴിതാ കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്തുവന്നിരിക്കുകയാണ്. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.

ഷിബു ബേബി ജോണിന്റെ വാക്കുകൾ ഇങ്ങനെ:

‘കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് അദ്ദേഹത്തിന്റെ പ്രതികരണം. ‘രാജ്യത്ത് കോൺഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. പക്ഷേ കോൺഗ്രസിന്റെ നേതാക്കൾ അത് മനസിലാക്കുന്നില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ആര്‍എസ്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. എന്നാൽ ആര്‍എസ്പിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെ തിങ്കളാഴ്ച യുഡിഎഫ് യോഗത്തിന് മുൻപ് അവരുമായി ചര്‍ച്ച നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സൻ അറിയിച്ചിട്ടുണ്ട്.

ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടി വിടുകയാണെന്ന് അറിയിച്ചത്. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇന്നലെ ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. അതേ സമയം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ട് വീഴ്ചയില്ലാതെ പോരിനിറങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം നീളുകയാണ്. അച്ചടക്ക നടപടികള്‍ ഏക പക്ഷീയമാണെന്ന് എ, ഐ ഗ്രൂപ്പുകള്‍ പരാതിപ്പെട്ടു. അതിനിടെ നാടാർ സമുദായത്തെ ഡി സി സി പ്രസിഡന്റ് ആക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെപിസിസി ഓഫീസിന് മുമ്പിൽ കരിങ്കൊടിയും ഫ്ലക്സ് ബോർഡും ഉയർന്നു.

അതിനിടെ കെ.സി വേണുഗോപാലിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയ പിഎസ് പ്രശാന്തിനെ സസ്പെന്‍റ് ചെയ്തു. ശിവദാസൻ നായര്‍ക്കും കെപി അനില്‍കുമാറനും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും വിമര്‍ശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടിയില്ലാത്തത് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ പിഎസ് പ്രശാന്ത് ഇന്ന് മാധ്യമങ്ങളെ കാണും. പ്രശാന്തും പാര്‍ട്ടി വിടാനാണ് സാധ്യതയെന്നാണ് വിവരം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles