Sunday, April 28, 2024
spot_img

കരവഴിയും ആക്രമണം; യുക്രെയ്‌നെ വളഞ്ഞിട്ടാക്രമിച്ച് റഷ്യ

മോസ്‌കോ: യുക്രെയ്‌നെ വളഞ്ഞിട്ടാക്രമിച്ച് റഷ്യ(Russia-Ukraine War). യുക്രെയ്നിനെതിരെ റഷ്യ യുദ്ധം തുടങ്ങിയതിന് പിന്നാലെ തലസ്ഥാനമായ കീവ് അടക്കം പ്രധാന നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ കരസേനയും അതിർത്തി ഭേദിച്ച് യുക്രെയ്നിൽ പ്രവേശിച്ചു. യുക്രെയ്നിന്‍റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്. വ്യോമതാവളങ്ങളും സൈനികതാവങ്ങളും മിസൈൽ കേന്ദ്രങ്ങളും തകർക്കാൻ മിസൈലുകൾ ഉപയോഗിച്ചെന്നാണ് വിവരം.

ആദ്യ മണിക്കൂറിൽ തന്നെ യുക്രെയ്‌ന്റെ വടക്കൻ മേഖലകളിലൂടെ കരസേനകളുടെ നീക്കമാണ് റഷ്യ നടത്തിയത്. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. കീവ് കൂടാതെ യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീവിലെ രാജ്യാന്തര വിമനത്താവളത്തിന് 25 കിലോമീറ്റർ അകലെ കിഴക്കൻ ഭാഗത്ത് ബോറിസ്പിലാണ് സ്ഫോടനം നടന്നത്. കിഴക്കൻ നഗരമായ ക്രമറ്റോസിലെ പാർപ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേസയിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.

അതേസമയം റഷ്യയുടെ മിസൈലാക്രമണത്തില്‍ യുക്രെയിനില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ യുക്രൈനിൽ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നും യുക്രെയ്ൻ അറിയിച്ചു.

Related Articles

Latest Articles