Friday, May 10, 2024
spot_img

ഹൈക്കമാൻഡിന്റെ എതിർപ്പും മറികടന്ന് സച്ചിന്റെ ഉപവാസ സമരം; രാജസ്ഥാനിൽ തുടർ ഭരണമെന്ന കോൺഗ്രസ് സ്വപ്നങ്ങൾക്ക് തിരിച്ചടി!

ദില്ലി : ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും എതിർപ്പും കാറ്റിൽപറത്തി രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. അഴിമതിക്കെതിരെ നടപടിയുണ്ടാകണം എന്ന ആവശ്യമുന്നയിച്ചാണ് സമരമെങ്കിലും,മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് സച്ചിന്റെ ലക്ഷ്യമെന്നത് പരസ്യമായ രഹസ്യമാണ്. ഉപവാസ സമരം നടത്തുന്നത് പാർട്ടിവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്ന ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ് വിലവയ്ക്കാതെയാണ് സച്ചിൻ സമരവുമായി മുന്നോട്ടു പോകുന്നത്.

സച്ചിന്റെ നിരാഹാര സമരം നടക്കുന്നതിനിടെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അശോക് ഗെലോട്ട് വിഡിയോ സന്ദേശം പുറത്തുവിട്ടു. ഗെലോട്ടും സച്ചിനും തമ്മിലുള്ള സംഘർഷം രാജസ്ഥാനിൽ അധികാരത്തുടർച്ചയെന്ന കോൺഗ്രസ് സ്വപ്നങ്ങൾക്ക് വൻ തിരിച്ചടിയാണ്.

ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റിന്റെ നിരാഹാരം നടക്കുന്നത്. നേരത്തെ ഹൈക്കമാൻഡ് ഇടപെട്ട് ഇരുനേതാക്കൾക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ അധികാര മോഹം മൂത്ത് തമ്മിൽ തല്ല് വീണ്ടുമാരംഭിച്ചു. സച്ചിനു നൽകിയ ഉറപ്പുകൾ ഹൈക്കമാൻഡ് പാലിച്ചില്ലെന്ന ആരോപണം അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ട്. മുഖ്യമന്ത്രി പദവിയാണ് സച്ചിൻ നോട്ടമിട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു 6–7 മാസം മാത്രം ശേഷിക്കെ സച്ചിന്റെ നിരാഹാരം കോൺഗ്രസ് പ്രവർത്തകർക്കു തെറ്റായ സന്ദേശം തന്നെ നൽകുമെന്ന വേവലാതിയിലാണ് കോൺഗ്രസ് നേതൃത്വം.

Related Articles

Latest Articles