Wednesday, September 23, 2026

സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വിയുടെ സമാധി ഇരുത്തൽ ബുധനാഴ്ച

തിരുവനന്തപുരം; ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധർമ്മ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ സമാധി ഇരുത്തൽ നാളെ. ഇത് സംബന്ധിച്ച തയ്യാറെടുപ്പുകൾ ശാന്തിഗിരി ആശ്രമത്തിൽ നടന്നുവരികയാണ്.

തിങ്കളാഴ്ച രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം ഗുരുജ്യോതിയില്‍ ലയിച്ചത്. 71 വയസ്സായിരുന്നു. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്ത് 22 ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും. രാവിലെ മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

കോട്ടയം കൂരോപ്പടയിൽ പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ തോമസിന്റെയും അക്കാമ്മയുടെയും മകനായി1948 മെയ് 26 ന് ആയിരുന്നു സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വിയുടെ ജനനം. പൂര്‍വ്വാശ്രമത്തിൽ കുഞ്ഞുമോൻ എന്നായിരുന്നു പേര്. പത്താംവയസ്സില്‍ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും (വടക്കയിൽ വീട് , മുരിക്കടി) പിന്നെ അമരാവതിയിലും താമസമാക്കിയ അദ്ദേഹം 1976 ല്‍ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടുകയും പിന്നീട് ഗുരുവിന്റെ ശിഷ്യനായി, സന്ന്യാസിയായി വര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍ കര്‍മ്മം ചെയ്തതിനുശേഷം കല്ലാര്‍, എറണാകുളം ആശ്രമങ്ങള്‍ കേന്ദ്രമാക്കി ആശ്രമത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു. തികച്ചും ലളിത ജീവിതത്തിനും വിനയപ്പെട്ട
മനസ്സിനും ഉടമയായിരുന്നു അദ്ദേഹം.

Related Articles

Latest Articles