Sunday, May 5, 2024
spot_img

ശബരിമലക്കൊപ്പം മുസ്ലീം പള്ളികളിലെയും പാഴ്‌സി ക്ഷേത്രങ്ങളിലെയും സ്ത്രീ പ്രവേശനവും വിശാലമായ ബെഞ്ചിന്

ദില്ലി: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ നിർണായക തീരുമാനവുമായി സുപ്രീം കോടതി. മറ്റ് മതങ്ങളുടെ വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട ഹര്‍ജികളും ശബരിമല ഹർജിക്കൊപ്പം പരിഗണിക്കാനാണ് ഭരണഘടനാ ബഞ്ചിന്റെ തീരുമാനം. നിലവിൽ മുസ്ലീം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ട്. സ്ത്രീകൾക്കുള്ള ഈ വിലക്കും ശബരിമലയിലെ യുവതീ പ്രവേശന വിലക്കും ഒരുമിച്ച് പരിഗണിക്കാനാണ് നീക്കം. ഏഴംഗ ബെഞ്ചായിരിക്കും ഇനി ഈ വിഷയങ്ങള്‍ പരിഗണിക്കുക.

കഴിഞ്ഞ ദിവസമാണ് മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചത്. മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമായിരുന്നു കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നും ഇസ്ലാം മതം സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് നല്‍കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് നിയുക്ത ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കിയത്.

സമാനസ്വഭാവമുള്ള നിരവധി കേസുകളെല്ലാം കോടതിയുടെ പരിഗണനയ്ക്കുള്ളതിനാല്‍ വിശാലമായ ബെഞ്ച് കേള്‍ക്കണമെന്നാണ് ഇപ്പോൾ ശബരിമല വിധിയിൽ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റീസുമാരായ ഇന്ദുമല്‍ഹോത്രയും എ.എം ഖാന്‍വില്‍ക്കറും പറഞ്ഞത്. ‘ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ഈ ഒരു ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇത് ഉള്‍പ്പെടുന്നതാണ്’ എന്നാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.

Related Articles

Latest Articles