Saturday, April 27, 2024
spot_img

മൃതദേങ്ങള്‍ സൂക്ഷിച്ചതിനാല്‍ ക്ലാസ് മുറികളിലേക്ക് ഇനിയില്ലെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും;ബാലാസോറിലെ സ്കൂള്‍ കെട്ടിടം പൊളിക്കും

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കാൻ തീരുമാനം. സ്കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ജൂൺ 16നാണ് വേനൽക്കാല അവധിക്ക് ശേഷം സ്കൂള്‍ തുറക്കുക. ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ബഹനാഗ നോഡൽ ഹൈസ്‌കൂളിലാണ് ആദ്യം സൂക്ഷിച്ചത്.

അപകടസ്ഥലത്തിന്‍റെ 500 മീറ്റർ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 250-ലധികം മൃതദേഹങ്ങൾ സൂക്ഷിക്കാന്‍ താൽക്കാലിക കേന്ദ്രമായി സ്കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആറ് ക്ലാസ് മുറികളിലും ഹാളിലുമാണ് മൃതദേഹങ്ങള്‍ കിടത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കെട്ടിടം മുഴുവൻ അണുവിമുക്തമാക്കുകയും ചെയ്തു. എന്നാല്‍, പ്രേതബാധയടക്കം ആരോപിച്ചാണ് പലരും സ്കൂളിലെത്തില്ലെന്ന് അറിയിച്ചത്. ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോർ കളക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്കൂൾ സന്ദർശന വേളയിൽ അഭ്യർത്ഥിച്ചു. യുവ മനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശിച്ചു.

65 വർഷമായി സ്കൂൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. അന്ധവിശ്വാസത്തിനല്ല, ശാസ്ത്രീയ ചിന്താഗതിക്കാണ് വഴികാട്ടേണ്ടത്. ഒരു സയൻസ് ലബോറട്ടറി കാമ്പസിലുണ്ട്. എന്നിരുന്നാലും, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ച് സ്കൂൾ കെട്ടിടം പൊളിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.

ഓഫീസർമാരുടെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷമായിരിക്കും നടപടി. യാഥാർത്ഥ്യം ബോധ്യപ്പെടുത്തി മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദഗ്ധ കൗൺസിലിംഗ് നല്‍കാനും തീരുമാനമുണ്ട്. അപകടത്തിന്‍റെ ആഘാതം വലിയ രീതിയിലാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികൾ പൊളിച്ച് പുതിയവ നിർമ്മിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് പ്രധാനാദ്ധ്യാപിക പ്രമീള സ്വയിൻ പറഞ്ഞു.

Related Articles

Latest Articles