2018 ലെ സിയോൾ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര സഹവര്‍ത്വത്തിനും ആഗോള സാമ്പത്തിക വികസനത്തിനും നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തിനെ സിയോൾ പീസ് പ്രൈസ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒന്നരക്കോടി രൂപയും ഫലകവുമാണ് പുരസ്‌കാരം. കഴിഞ്ഞ കൊല്ലം ഒക്ടോബറിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.

പുരസ്‌കാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതായി മോദി പ്രതികരിച്ചു. ജനങ്ങള്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവുമാണ് തന്റെ പ്രേരക ശക്തിയെന്നും അതിന്റെ പിന്‍ബലത്തിലാണ് തനിക്ക് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ 150-ാം പിറന്നാളാഘോഷിക്കുന്ന വര്‍ഷത്തില്‍ പുരസ്‌കാരസമ്മാനിതനായതില്‍ അതീവ സന്തുഷ്ടനാണെന്നും മോദി പറഞ്ഞു.


സിയോൾ സമാധാനപുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ ലോകനേതാവാണ് നരേന്ദ്രമോദി. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൊഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു.പുരസ്‌കാരചടങ്ങില്‍ നരേന്ദ്രമോദിയുടെ ജീവിതത്തിലെ ഏടുകള്‍ ചേര്‍ത്തുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണകൊറിയയിലെത്തിയ മോദിക്ക് ഗംഭീരവരവേല്‍പാണ് ലഭിച്ചത്. ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി മൂണ്‍ ജെ ഇന്നുമായി വിവിധ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയുമായി ഇന്ത്യയുടെ വ്യാപാരബന്ധം കൂടുതല്‍ ശക്തമായതായി മോദി മാധ്യമങ്ങളോട് പറഞ്ഞു.