Friday, May 24, 2024
spot_img

‘ശരദ് പവാറിന് പ്രധാനമന്ത്രി പദവിയിലെത്താൻ കഴിയാത്തത് കോൺഗ്രസിന്റെ കുടുംബ വാഴ്ച മൂലം’ ; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം മൂലമെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . മഹാരാഷ്ടയിലെ എൻഡിഎ മുന്നണി എംപിമാരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘കോൺഗ്രസിനെ പോലെ ബിജെപിക്ക് ധാർഷ്ഠ്യമില്ല, അതുകൊണ്ടു തന്നെ ബിജെപി അധികാരത്തിൽ തുടരും’’– യോഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു.

ഈ മാസം ആദ്യം പ്രധാനമന്ത്രിയുമായി ശരദ് പവാർ വേദിയും പങ്കിട്ടിരുന്നു. ശരദ് പവാർ ദേശീയ അദ്ധ്യക്ഷനായ എൻസിപി, പ്രതിപക്ഷത്തിന്റെ I.N.D.I.A മുന്നണിയുടെ ഭാഗമായിരിക്കേ, മോദിയുമായി വേദി പങ്കിട്ടതോടെ ശരദ് പവാർ ബിജെപി പക്ഷത്തോട് അടുക്കുകയാണെന്ന വാർത്തകൾക്ക് ചൂട് പിടിച്ചിരുന്നു. നേരത്തെ ശരദ് പവാറിന്റെ അനന്തിരവൻ അജിത് പവാർ, എൻസിപി പിളർത്തി ഒരു വിഭാഗം എംഎൽഎ മാരുമായി മഹാരഷ്ട്രയിൽ എൻഡിഎ ഭാഗത്തേക്ക് ചേക്കേറിയിരുന്നു. പ്രതിപക്ഷനിരയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. അതിനിടയിലാണ് മോദിയുടെ പരാമർശം.

എംപിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കെതിരെയും വിമർശനം ഉയർത്തി. ശിവസേനയുമായുള്ള സഖ്യം തകർത്തതിനു പിന്നിൽ ശിവസേന തന്നെയാണ് കാരണക്കാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

” 2014 മുതൽ ശിവസേന തങ്ങൾക്കൊപ്പമാണ്. എന്നാൽ അവരുടെ മുഖപത്രമായ സാമ്ന, സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അത് ഞങ്ങൾ ക്ഷമിക്കുകയുംചെറിയ കാര്യമായി എടുക്കുകയും ചെയ്തു. അധികാരത്തിൽ തങ്ങൾക്കൊപ്പം തുടരാൻ ആഗ്രഹിക്കുമ്പോഴും വിമർശനം തുടരുന്നു. ഇത് രണ്ടും ഒന്നിച്ച് എങ്ങനെയാണു നടക്കുന്നത്. ഏക്നാഥ് ഷിൻഡെ ഞങ്ങൾക്കൊപ്പം ചേർന്നു, മുഖ്യമന്ത്രി പദം ലഭിച്ചു. ഞങ്ങൾ ഒന്നിച്ചുനിൽക്കും. എൻഡിഎയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാർട്ടികളെ സ്വാഗതം ചെയ്യുന്നു ” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Latest Articles