Friday, April 26, 2024
spot_img

ഷെറിൻ മാത്യൂസ് വധക്കേസ്; മലയാളി യുവതി സിനി മാത്യൂസിനെ യുഎസ് കോടതി കുറ്റവിമുക്തയാക്കി

ഡാലസ്; ഷെറിൻ മാത്യൂസ് വധക്കേസിൽ യുഎസിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. 2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.

ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല. വെസ്‌ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‍ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു.

തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച് എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളിൽ നിന്നാണ് ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്നു പൊലീസിനെ സ്ഥരീകരിച്ചത്.

Related Articles

Latest Articles