മലയിൻകീഴ് പീഡനക്കേസിൽ എസ് എച്ച് ഒ സൈജുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി ആർ ഗവായ്, ബി വി നാഗരത്ന എന്നിവരാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതിയാണ് സൈജുവിന് മുൻകൂർ ജാമ്യം നൽകിയത്. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയ സമയത്ത് സൈജു പീഡിപ്പിച്ചെന്നായിരുന്നു പരാതി
കേസിൽ എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് ഹർജിക്കാരിയോട് കോടതി ചോദിച്ചു. 2019ൽ നടന്ന പീഡനത്തിന് പരാതി നൽകാൻ വൈകിയതിനെ കുറിച്ചാണ് കോടതി ചോദിച്ചത്. എന്നാൽ പരാതി നൽകാൻ കഴിയുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ലെന്ന് ഹർജിക്കാരി പറഞ്ഞു
വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് ഐ ആയിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. വാടക പ്രശ്നം തീർപ്പാക്കുന്നതിന് ചെലവ് ചെയ്യണമെന്ന് സൈജു പറഞ്ഞെന്നും പിന്നീട് പീഡിപ്പിച്ചെന്നുമാണ് പരാതി. 2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചു. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വീട്ടിലെത്തി പലതവണ പിന്നീട് പീഡിപ്പിച്ചു. സൈജുവുമായുള്ള ബന്ധം അറിഞ്ഞതോടെ യുവതിയുടെ വിവാഹ ബന്ധം വേർപെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. വിവാഹം കഴിക്കുമെന്ന് പറഞ്ഞ് പല വർഷം കബളിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു

