തിരുവനന്തപുരം: കെ റെയിലിന്റെ അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണമനസ്സോടെ വീട് വിട്ടു നൽകാമെന്ന് മന്ത്രി സജി ചെറിയാൻ. മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തനിക്കെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയുമായാണ് മന്ത്രി സജി ചെറിയാൻ രംഗത്ത് എത്തിയത്. ചെങ്ങന്നൂരിലെ വീടിരിക്കുന്ന സ്ഥലത്തെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് മാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിനാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയത്. ‘അലൈൻമെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങാനെ…
സിൽവർലൈനിന് എന്റെ വീട് വിട്ടുനൽകാം…
“ഞാൻ ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്റ് മാറ്റി എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞുകേട്ടു. തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു എന്റെ ധാരണ. കെ റെയിലിന്റെ അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണമനസ്സോടെ വീട് വിട്ടു നൽകാം. അലൈൻമെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. എന്റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കു നൽകുമെന്നും ഡോക്ടർമാരായ പെൺമക്കൾ അവരുടെ സൗജന്യസേവനം കരുണയ്ക്ക് നൽകുമെന്നും നേരത്തേ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനൽകാൻ കൂടുതൽ സന്തോഷമേയുള്ളൂ വീട് സിൽവർലൈനിനു വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിനു നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് കൈമാറിയാൽ മതി
സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് മാറ്റിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കു വശത്തുകൂടി ആയിരുന്നു ആദ്യം അലൈന്‍മെന്റ് ചെയ്തിരുന്നത്. എന്നാൽ ആ അലൈന്‍മെന്റ് ഇപ്പോള്‍ പടിഞ്ഞാറുവശത്തേക്ക് മാറ്റി. ഇതിനെ തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രി സജി ചെറിയനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

