ദില്ലി:കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി( SMRITI IRANI) സാഹിത്യകാരിയാകുന്നു. ലാൽ സലാം എന്നാണ് മന്ത്രിയുടെ ആദ്യ എഴുത്ത് സംരഭമായ നോവലിന്റെ പേര്. നോവൽ പുറത്തിറക്കാനൊരുങ്ങുകയാണ് മന്ത്രി.
2010ൽ ദന്തേവാഡയിൽ വെച്ച് നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നോവൽ എഴുതിയിരിക്കുന്നതെന്നും ദശാബ്ദങ്ങളായി രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന സൈനികർക്കായി തന്റെ പുസ്തകം സമർപ്പിക്കുകയാണെന്നും മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
ഈ മാസം നവംബർ 29ന് വെസ്റ്റ്‌ലാൻഡാണ് പുസ്തകം പുറത്തിറക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്പ് ദന്തേവാഡയിൽ വെച്ച് 76 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവമാണ് നോവൽ എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
യുവ സൈനികനായ വിക്രം പ്രതാപ് സിംഗ് എന്നയാളാണ് ലാൽ സലാമിലെ പ്രധാന കഥാപാത്രം. ഈ കഥ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മനസിലുണ്ട്. ഒടുവിൽ അത് എഴുതാനുള്ള ചിന്തയെ തടുക്കാൻ കഴിയാതെ വന്നപ്പോഴാണ് നോവലായി നിങ്ങൾക്ക് മുമ്പിൽ എത്തുന്നത്. വായനക്കാർക്ക് ആസ്വദിക്കാനാകുമെന്ന് കരുതുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം പ്രതിബന്ധങ്ങൾക്കിടെ ധൈര്യത്തോടെയും ആത്മാർത്ഥയോടെയും പോരാടുന്ന സ്ത്രീകളുടേയും പുരുഷൻമാരുടെയും കഥയാണ് ‘ലാൽസലാം’ എന്ന് പ്രസാധകർ പ്രതികരിച്ചു.
കൂടാതെ ആക്ഷൻ, സസ്പെൻസ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ് പ്രതികരിച്ചു.

