Sunday, May 5, 2024
spot_img

വാദി പ്രതിയായി…ഹരിത വിഭാഗം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനം; ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച് ലീഗ്

മലപ്പുറം: ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലീംലീഗ് മരവിപ്പിച്ചു. വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്. ഹരിത നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ലീഗ് വിമർശിച്ചു. ഹരിത നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിനോട് വിശദീകരണം തേടും. മലപ്പുറം ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.നവാസ് എന്നിവരോടും വിശദീകരണം തേടുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

ഹരിത നേതാക്കൾ വനിത കമ്മീഷന് ൽകിയ പരാതി രാവിലെ 10 മണിക്ക് മുൻപ് പിൻവലിക്കണമെന്ന് ലീഗ് ഹരിത നേതാക്കൾക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇത് അവഗണിച്ചതോടെയാണ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കൾ ഹരിതയ്‌ക്കെതിരെ നടപടി എടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചിരുന്നു. വനിത കമ്മീഷന് പരാതി നൽകിയതിന്റെ പേരിൽ ഹരിതയ്‌ക്കെതിരെ നടപടി എടുത്താൽ ലീഗിനെ സ്ത്രീ വിരുദ്ധ പാർട്ടിയായി എതിരാളികൾ ചിത്രീകരിക്കുമെന്നും ഇവർ നേതൃത്വത്തോട് വിശദീകരിച്ചിരുന്നു.

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും, വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിന്റെയും പ്രതികരണം. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതകമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles