Thursday, May 23, 2024
spot_img

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി: സസ്‌പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 90 ദിവസം കൂടി നീട്ടി. വെള്ളിയാഴ്ച ഇദ്ദേഹത്തിൻറെ സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിയാണ് സസ്‌പെൻഷൻ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. എന്നാൽ ഈ ശുപാർശ മുഖ്യമന്ത്രി തള്ളി. കേസിൽ ഇതുവരെ പോലീസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിലായിരുന്നു വെങ്കിടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ശുപാർശ നൽകിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ എം. ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റർചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചിരുന്നത് എന്നായിരുന്നു ശ്രീറാമിന്റെ നിലപാട്.

ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം ആവർത്തിച്ചിരുന്നു. അപകട സമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തത്. ഫൊറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

Related Articles

Latest Articles