Wednesday, September 23, 2026

ശ്രീറാമിന്‍റെയും വഫയുടെയും ലൈസന്‍സ് ഉടന്‍ റദ്ദാക്കും; വഫയ്ക്ക് എതിരെ മൂന്ന് കേസുകള്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാമിനെയും അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും കണ്ടെത്താനാകാതെ ​മോട്ടോര്‍ വാഹന വകുപ്പ്. അപകടസംഭവത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ താമസ സ്ഥലത്ത് എത്തിയിരുന്നെങ്കിലും ഇവരെ സംബന്ധിക്കുന്ന ഒരു വിവരവും ഇപ്പോഴില്ല.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. എങ്കിലൂം ഇരുവരും ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരം. ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമായിട്ടും ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാത്തത് മോട്ടോര്‍ വാഹന വകുപ്പിനെ വിവാദത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

നിയമ നടപടിക്രമങ്ങളില്‍ വന്ന കാലതാമസം മാത്രമാണ് ഇതെന്നും പറയുന്നു. എന്നാല്‍ കേസില്‍ ഒട്ടേറെ വീഴ്ച വരുത്തിയ പോലീസിനെ പോലെ ശ്രീറാം വെങ്കിട്ടരാമന് മുന്നില്‍ മോട്ടോര്‍ വാഹന വകുപ്പിനും മുട്ടു വിറയ്ക്കുന്നതായിട്ടാണ് ആക്ഷേപം. അപകടം ഒറ്റപ്പെട്ട സംഭവമായതിനാല്‍ ഇവരുടെ കൂടി വിശദീകരണം കേള്‍ക്കേണ്ടതുണ്ട് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിട്ടുള്ളത്.

തുടര്‍ച്ചയായി നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കൂ. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വഫയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നോട്ടീസ് കൈമാറാന്‍ സാധിച്ചിട്ടില്ല. ശ്രീറാമിന്റെ നോട്ടീസ് പേഴ്‌സണല്‍ സ്റ്റാഫംഗമാണ് കൈപ്പറ്റിയിരിക്കുന്നത്. ശ്രീറാം നോട്ടീസ് കൈപ്പറ്റിയിട്ടുമില്ല. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പോലീസ് വൈകിയതിനാലാണ് നടപടി താമസിച്ചതെന്നും വകുപ്പ് പറയുന്നു. വാഹനം പരിശോധിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് അപേക്ഷ നല്‍കിയത് തന്നെ മൂന്ന് ദിവസം മുമ്പായിരുന്നു.

Related Articles

Latest Articles