കൊച്ചി: തൃക്കാക്കരയിലെ ഓഹരി തട്ടിപ്പ് കേസിൽ പ്രതികൾ തട്ടിയെടുത്തത് 85 കോടി. മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പ് കേസിൽ ഇതുവരെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ വ്യക്തമാക്കി. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് പണം പ്രതികൾ ധൂർത്തടിച്ചിട്ടുണ്ട്. പ്രതി എബിൻ വർഗീസ് ഗോവയിൽ ചൂതാട്ടത്തിൽ കോടികളാണ് ചിലവഴിച്ചതെന്ന് ഡിസിപി വ്യക്തമാക്കി കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിപ്പ് നടത്തിയത്. ഇതിൽ നിന്ന് രണ്ട് ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് പ്രതികൾ വാങ്ങിയിരുന്നു. 2014 ൽ തുടങ്ങിയ സ്ഥാപനം 2022 മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകിയിരുന്നു. എന്നാൽ നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങി അങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെയാണ് ഇരുവരെയും ദില്ലിയിൽ വച്ച് പോലീസ് പിടികൂടിയത്.

