Saturday, April 27, 2024
spot_img

ടി വി – സിനിമാതാരം നടി സുബി സുരേഷ് അന്തരിച്ചു;ജനപ്രിയ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിത്തരിച്ച് സിനിമാലോകം

കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിൽ കഴിയുകയായിരുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്.സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

തുടർന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.

Related Articles

Latest Articles