Saturday, April 27, 2024
spot_img

കരുവന്നൂർ കുംഭകോണം: കാണാതായ മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി

തൃശ്ശൂർ: കരുവന്നൂർ കുംഭകോണത്തിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാൾ തിരിച്ചെത്തിയത്. കണ്ണൂരില്‍ പോയതെന്നാണ് സുജേഷിന്റെ വിശദീകരണം. എന്നാൽ സുജേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തതിനാല്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പോലീസിൽ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തിരിച്ചെത്തിയത്. കരുവന്നൂര്‍ കുംഭകോണം വിവാദമായതിന് പിന്നാലെ സുജേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു.

ബാങ്ക് അഴിമതിക്കെതിരെ താന്‍ ഒറ്റയാള്‍ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഐഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സുജേഷിന്‌ നേരെ ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റും ചെയ്തിരുന്നു.

Related Articles

Latest Articles