Tuesday, May 7, 2024
spot_img

പഞ്ചാബ് ഹൗസിലെ കൂട്ടയടിയ്ക്ക് വിരാമം: മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇദ്ദേഹം.

പഞ്ചാബിന്റെ പതിനാറാം മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിംഗ്. എന്നാൽ ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി കസേരയില്‍ എത്തുമ്പോള്‍ വലിയ പ്രത്യേകതകളാണ് ആ സ്ഥാനാരോഹണത്തിന് ഉള്ളത്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രിയാണ് ചന്നി.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ 32 ശതമാനം വരുന്ന സിഖ് ദളിതരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം ചന്നിയ്‌ക്കെതിരായ മീടൂ കേസ് തെരഞ്ഞെടുപ്പിനെയടക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും ചന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായി സുഖ്ജീന്തർ സിംഗ് രൺധാവയുടെ പേര് പ്രഖ്യാപിച്ച ഉടൻ നവജ്യോത് സിംഗ് പ്രതിഷേധിക്കുക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് വിവരം.

ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതായി എഐസിസി സെക്രട്ടറി ഹരീഷ് റാവത്താണ് അറിയിച്ചത്. തുടർന്ന് ചന്നിയെ താൻ പിന്തുണയ്‌ക്കുന്നതായും എഐസിസി ഈ തീരുമാനം അംഗീകരിക്കുന്നതായും രൺധാവെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിംഗ് രാജിവെച്ചത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായിരന്ന സംഘർഷങ്ങളാണ് അമരീന്ദർ സിംഗിന്റെ രാജിയിലൂടെ കലാശിച്ചത്.

Related Articles

Latest Articles