Tuesday, October 27, 2026

ഓപ്പറേഷൻ ഗംഗ: യുക്രെയ്‌നിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം; മോദി സർക്കാരിനെ പ്രശംസിച്ച് സുപ്രീം കോടതി

ദില്ലി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ആരംഭിച്ച ഓപ്പറേഷൻ ഗംഗ (Supreme Court On Operation Ganga) വിജയകരമായി കുതിക്കുന്നു. ഇതുവരെ 17,000 ഇന്ത്യൻ പൗരന്മാരെ യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ വിശ്രമമില്ലാത്ത രക്ഷാദൗത്യത്തെ സുപ്രീം കോടതി പ്രശംസിച്ചു. സർക്കാരിനോട് യുക്രെയ്‌നിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്‌ലൈൻ തുടങ്ങുന്നത് പരിഗണിക്കാനും കോടതി ഇതോടൊപ്പം ആവശ്യപ്പെട്ടു. യുക്രെയ്‌നിൽ കുടുങ്ങിയവരുമായി ബന്ധപ്പെട്ട വിഷയം സുപ്രീകോടതിയിലുള്ളതിനാൽ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യുക്രെയിനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തങ്ങളെക്കുറിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വിശദീകരണം നൽകി.

അതേസമയം യുക്രെയിനിൽ കുടുങ്ങിയവരെ എത്തിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിരവധി പൊതുതാൽപ്പര്യ ഹർജികളാണ് സുപ്രീംകോടതിയിൽ ലഭിച്ചത്. വിഷയത്തിൽ രൂക്ഷവിമർശനം കോടതി കഴിഞ്ഞ ദിവസം നടത്തിയത്. യുക്രെയിനിലെ ആക്രമണം നിറുത്താൻ റഷ്യൻ പ്രസിഡന്റ് പുട്ടിനോട് സുപ്രീംകോടതി നിർദ്ദേശിക്കണമെന്നാണോ?. ഏത് സർക്കാരിനോടാണ് സുരക്ഷ ഉറപ്പാക്കാൻ പറയേണ്ടത്? എന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ഹർജിക്കാരോടുള്ള ചോദ്യങ്ങൾ.

പൊതുതാല്പര്യ ഹർജി പരിഗണിക്കവെ, ഇക്കാര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടത് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്. വിദ്യാർത്ഥികളുടെ കാര്യത്തിൽ കോടതിക്ക് വിഷമമുണ്ട്. അവരോട് സഹതപിക്കാനെ കഴിയൂവെന്നും രമണ പറഞ്ഞു. വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് സുപ്രീംകോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles