Saturday, May 4, 2024
spot_img

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ; പിടിയിലായത് ബീഹാർ സ്വദേശി മുഹമ്മദ് ഇർഷാദ്

കൊച്ചി: സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ മോഷണത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് കർണാടക പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. പ്രതി വലയിലായ വിവരമറിഞ്ഞ് കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മോഷണത്തിൽ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു പ്രതി കവർന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Related Articles

Latest Articles