Tuesday, May 7, 2024
spot_img

റിലീസ് ചെയ്ത് മൂന്നുദിവസത്തിന് ശേഷം മാത്രം റിവ്യൂ; അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ

ചെന്നൈ :സിനിമ പ്രദർശനത്തിനെത്തി മൂന്ന് ദിവസത്തിന് ശേഷം മാത്രമേ റിവ്യൂ നൽകാവൂ എന്ന അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ. പതിനെട്ടാം തീയതി ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രമോയവും യോ​ഗത്തിൽ പാസാക്കി.

തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ചെന്നൈയിൽ നടന്ന കൗൺസിലിൽ ചർച്ച ചെയ്തത്. ഇതിലാണ് ഒരു പുതിയ മാർ​ഗനിർദേശം എന്ന നിലയിൽ സിനിമാ നിരൂപണവും കടന്നുവന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രേക്ഷകർക്കിടയിൽ സമൂഹ മാധ്യമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആദ്യദിവസത്തെ റിവ്യൂവിനെ അനുസരിച്ചാണ് ആളുകൾ സിനിമ കാണാനെത്തുന്നതെന്നും യോ​ഗം വിലയിരുത്തി.

യൂട്യൂബ് ചാനലുകളെയും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെയും സിനിമ റിവ്യൂ ചെയ്യാനോ സിനിമയെക്കുറിച്ചുള്ള അഭിപ്രായം എടുക്കാനോ തിയറ്റർ ഉടമകൾ അനുവദിക്കരുതെന്ന് യോഗം നിർദേശിച്ചു. അഭിനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മാധ്യമ പ്രവർത്തകർക്ക് അഭിമുഖം നൽകുന്നത് സിനിമാ മേഖലയിലെ ആളുകൾ അവസാനിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

വ്യാജ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പ്രചരിക്കുന്നത് തടയാൻ കേന്ദ്രീകൃത സെർവർ വഴി ടിക്കറ്റ് വിൽപ്പന നിരീക്ഷിക്കണമെന്ന് നിർമ്മാതാക്കൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് സാമ്പത്തികമായി സഹായിക്കാനും നിർമാതാക്കൾ യോഗത്തില്‍ തീരുമാനിച്ചു.

Related Articles

Latest Articles