Sunday, April 28, 2024
spot_img

“പിആര്‍എസ് സംവിധാനത്തെ കര്‍ഷകര്‍ നോക്കിക്കാണുന്നത് ഭയത്തോടെ ! സംസ്ഥാന സർക്കാർ സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കണം ! ” – ആവശ്യവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പിആര്‍എസ് സംവിധാനം (പാഡി റസീപ്റ്റ് ഷീറ്റ്) നിര്‍ത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ യഥാസമയം തുക അടയ്ക്കാത്തത് കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിക്കുകയും ബാങ്കുകളില്‍ നിന്നും വായ്പകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകുകയാണെന്നും പിആര്‍എസ് സംവിധാനത്തെ കര്‍ഷകര്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

‘സംഭരണതുക യഥാസമയം ലഭ്യമാകാത്തതാണ് സംസ്ഥാനത്തെ നെല്ലുകര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് പണം നല്‍കുന്നതിന് പകരം ബാങ്കുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പാഡി റസീപ്റ്റ് ഷീറ്റ് ആണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് ബാങ്കുകളില്‍ ഹാജരാക്കുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് പണം നല്‍കും. ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് തിരിച്ചടയ്ക്കുന്നത്. എന്നാല്‍ ഇതിന്റെ ബാധ്യത കര്‍ഷകന്റെ തലയിലാണ്. സര്‍ക്കാര്‍ യഥാസമയം തുക അടയ്ക്കാത്തത് കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിക്കുകയും ബാങ്കുകളില്‍ നിന്നും വായ്പകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്തു.

ലോണ്‍ വ്യവസ്ഥയില്‍ ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ കുറ്റത്തിന് സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കര്‍ഷകരാണ് പ്രതിക്കൂട്ടിലായത്. സര്‍ക്കാരിനെ വിശ്വസിച്ചു എന്നത് മാത്രമാണ് കര്‍ഷകര്‍ ചെയ്ത ഒരേയൊരു തെറ്റ്. ഇത് തന്നെയാണ് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത പ്രസാദിനും സംഭവിച്ചത്.

പിആര്‍എസ് സംവിധാനത്തെ കര്‍ഷകര്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പലരും പിആര്‍എസ് സ്വീകരിക്കാന്‍ പോലും തയാറാകുന്നില്ല. പിആര്‍എസ് ഷീറ്റ് നല്‍കുന്നത് കര്‍ഷകര്‍ക്ക് ലോണ്‍ ഉള്ള ബാങ്കുകളിലാണെങ്കില്‍ കുടിശിക ഈടാക്കിയ ശേഷമുള്ള തുക മാത്രമേ നല്‍കുകയുള്ളൂവെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. സപ്ലൈകോ നെല്ല് സംഭരണത്തിന്റെ പേരില്‍ എടുത്തിട്ടുള്ള വായ്പകളുടെ കുടിശിക സര്‍ക്കാര്‍ നല്‍കാത്തതും പ്രതിസന്ധിക്ക് ആക്കം കൂടിയിട്ടുണ്ട്. കര്‍ഷകനെ ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ പാഡി റസീപ്റ്റ് ഷീറ്റ് നിര്‍ത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം” വി ഡി സതീശൻ പറഞ്ഞു.

Related Articles

Latest Articles